തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുന്നാം ധാരണാപത്രവും സർക്കാർ റദ്ദാക്കി. പള്ളിപ്പുറത്ത് ഭക്ഷ്യ സംസ്‌കരണ പാർക്കിന് സ്ഥലം അനുവദിച്ച ധാരണാ പത്രമാണ് റദ്ദാക്കുന്നത്. തീര മേഖലയിലെ എതിർപ്പ് തിരിച്ചറിഞ്ഞാണ് തീരുമാനം. ആഴക്കടലിനെ അമേരിക്കൻ കുത്തകയ്ക്ക് തീറെഴുതാനുള്ള നീക്കമാണ് നടന്നതെന്ന ആരോപണം അതിശക്തമായി ഉയർന്നിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് വിവാദം കത്തി നിൽക്കാൻ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല. ഭരണ തുടർച്ച ഉറപ്പാക്കാൻ വേണ്ടി കൂടിയാണ് തീരുമാനം.

നാല് ഏക്കർ പാട്ടത്തിന് നൽകാനായിരുന്നു തീരുമാനം. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയെങ്കിലും അമേരിക്കൻ കമ്പനി പാട്ടത്തുക അടച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ധാരണ റദ്ദാക്കുന്നത്. കേരളത്തിലെ മത്സ്യസമ്പത്തുകൊള്ളയടിക്കാനുള്ള നീക്കം പ്രതിപക്ഷം പുറത്തുകൊണ്ട് വന്നതോടെ ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറയുകയാണെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. 'കൊള്ള നടത്താനുള്ള ശ്രമം പ്രതിപക്ഷം പുറത്തുകൊണ്ട് വന്നത് വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മത്സ്യനയത്തിന് വിരുദ്ധമായ ധാരണാ പത്രത്തിലാണ് ഒപ്പ് വെച്ചത്.

നടപടികളുമായി മുന്നോട്ട് പോയി. ഇതിന്റ ഭാഗമായാണ് ഷിപ്പിങ് ആൻഡ് നാവിഗേഷനുമായി കരാർ ഒപ്പ് വെച്ചതും നാല് ഏക്കർ സ്ഥലം അനുവദിച്ചതും. ഇത് വ്യക്തമായതാണ്. എന്നിട്ടും സർക്കാർ നടപടിയിൽ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്'. ഇഎംസിസി കരാർ സർക്കാർ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. അതുകൊണ്ട് വസ്തു കൈമാറ്റവും വിവാദമാകുമെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഈ ധാരണാ പത്രവും പിൻവലിക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസി കമ്പനിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വസ്തുതകളുടെ പിൻബലമില്ലാതെ ഇത്തരം ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കാൻ സർക്കാർ തയ്യാറായത്. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികയും ബാക്കിവെക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഥ്‌ലം കൈമാറാനുള്ള ധാരണാ പത്രവും റദ്ദാക്കുന്നത്.

അസൻഡ് കേരള 2020ൽ 117 താൽപര്യ പത്രങ്ങളും 34 ധാരണപത്രങ്ങളും സംരഭകരുമായി സർക്കാർ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള സംരഭകരുമായുള്ള സ്റ്റാന്റേഡ് ധാരണാപത്രമാണ് ഒപ്പുവെച്ചത്. അതിൽ സർക്കാർ നയങ്ങൾക്കും ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്കു അടിസ്ഥാനമായ പ്രോത്സാഹനം നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപ്പറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ ഫിഷറീസ് നയം. നയങ്ങൾ അടിസ്ഥാനമായ പിന്തുണയും പ്രോത്സാഹനവുമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇതിന് വിരുദ്ധമായ കാര്യത്തിന് പിന്തുണ നൽകില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു,

കേരള ഷിപ്പിങ് ഇൻലാൻഡ് നാവിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 400 യാനങ്ങളും 5 മദർ വെസ്സലുകളും ലഭ്യമാക്കാനുള്ള ധാരണാപത്രം 2021 ഫെബ്രുവരി 2നാണ് ഇഎംസിസിയുമായി ഒപ്പുവെക്കുന്നത്. ഇക്കാര്യം വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയേയോ സർക്കാരിനേയോ അറിയിച്ചിരുന്നില്ല. അസൻഡ് കേരളയിലെ ധാരണാപത്രത്തെക്കുറിച്ചുള്ള പരാമർശം ഈ ധാരണാപത്രത്തിലുണ്ട്. സർക്കാരിനെ അറിയിക്കാതെ ഇത്തരത്തിൽ എംഡി ഇഎംസിസിയമായി ഒപ്പുവെച്ച ധാരണാപത്രം സർക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമാണ്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ധാരണാപത്രം റദ്ദ് ചെയ്യാൻ നിർദ്ദേശം ൽകി. പിന്നീട് കെ എസ് ഐ ഡി സി ഒപ്പുവച്ച ധാരണാ പത്രവും റദ്ദാക്കി. ഇപ്പോൾ മൂന്നാമത്തേതും. വലിയ വിമർശനം ഈ വിവാദത്തിൽ സർക്കാരിന് നേരിടേണ്ടി വന്നു.

മുഖ്യമന്ത്രിയുടെ കീഴിൽ നടക്കുന്ന കാര്യങ്ങൾ അദ്ദേഹം അറിഞ്ഞില്ലെങ്കിൽ പിന്നീട് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥന് ഇത്ര വലിയ കരാർ ഒപ്പുവയ്ക്കാൻ കഴിയില്ല. തുടർച്ചയായി വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കള്ളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിന്റെ സൈനികരാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്റെ 5 % സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിലനിൽക്കുന്നു. സർക്കാരിനോട് ജനങ്ങൾ മാപ്പു നൽകില്ല. താൻ പറഞ്ഞ ഏത് കാര്യങ്ങളാണ് തെറ്റെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ട് മത്സ്യത്തൊഴിലാളി ജാഥകൾ യുഡിഎഫ് നയിക്കുമെന്നും ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനെ പിണറായിയും പ്രതിരോധിച്ചിരുന്നു. സർക്കാരിന്റെ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതാണ്. മറിച്ചുള്ള ഒരു ധാരണാപത്രവും സർക്കാരിന് ബാധകമല്ല. ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ബിജെപിയുമായി ചേർന്നുണ്ടാക്കിയ പരസ്പര ധാരണയുടെ ഭാഗാമായാണ് ഇഎംസിസിയുമായി ബന്ധപ്പെട്ടുണ്ടാക്കിയ ആരോപണമെന്ന് സംശയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.