- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓഖിയിലെ കണ്ണീരിന് മുമ്പിൽ പകച്ച് പൂന്തറയിൽ നിന്ന് ഓടി രക്ഷപ്പെട്ടു; പ്രളയത്തിൽ വിറങ്ങലിച്ചപ്പോൾ വള്ളവുമായി റോഡിലൂടെ തുഴഞ്ഞ നന്മ മരങ്ങൾ; ആഴക്കടൽ അമേരിക്കൻ കുത്തകയ്ക്ക് നൽകാനുള്ള നീക്കം അറിഞ്ഞില്ലെന്നത് പച്ചക്കള്ളം; ധാരണാ പത്രത്തിലെ 'ഡ്യൂലി ഓഥറൈസ്ഡ് റെപ്രസന്റേറ്റീവ്' എന്ന വാക്കിൽ നിറയുന്നത് 'കേരളത്തിന്റെ സൈന്യത്തോട്' പിണറായി സർക്കാർ കാട്ടിയ ചതി
തിരുവനന്തപുരം: ഓഖി കാലത്ത് പൂന്തുറയിൽ നിന്ന് അതിവേഗം കാറിൽ മടങ്ങിയ പിണറായി വിജയൻ. മത്സ്യത്തൊഴിലാളികൾ ഓഖിയിൽ സർക്കാരിനെ പലപ്പോഴും പ്രതിസ്ഥാനത്ത് നിർത്തി. പിന്നീട് പ്രളയമെത്തി. ഓഖിക്കാലത്ത് ജീവന് വേണ്ടി മത്സ്യത്തൊഴിലാളികൾ ആർത്തു വിളിച്ചപ്പോൾ ആരും കാണുകയോ കേൾക്കുകയോ ചെയ്തില്ല. അപ്രതീക്ഷിത പ്രളയത്തിൽ കേരളമാകെ കരഞ്ഞപ്പോൾ ബോട്ടുമായി അവരെത്തി. റോഡുകളിലെ വെള്ളക്കെട്ടുകളിലൂടെ തുഴഞ്ഞ് അവർ പതിനായിരങ്ങളുടെ രക്ഷകനായി. വള്ളത്തിലേക്ക് കയറാൻ മുതുക് കാണിച്ച മത്സ്യത്തൊഴിലാളി മനസ്സ് ഇതിന് വേണ്ടി സർക്കാർ നൽകിയ നക്കാപ്പിച്ച വേണ്ടെന്ന് പറഞ്ഞു. ഇത് ഞങ്ങളോടുള്ള നാടിന്റെ കടമയെന്ന് അവർ നെഞ്ചുവിരിച്ച് പ്രഖ്യാപിച്ചു. അങ്ങനെ അവർ കേരളത്തിന്റെ രക്ഷാസൈനമായി. ഓഖിയിലെ വേദന മറന്ന് നാടിന് വേണ്ടി മുന്നിൽ നിന്നവർ.
ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾ കൈമാറാൻ നടന്നത് രഹസ്യ നീക്കമാണ്. ഇത് ജീവൻ പണയം വച്ച് പ്രളയകാലത്ത് രക്ഷയൊരുക്കിയവർക്കുള്ള വയറ്റത്തടിയും. അതുകൊണ്ട് തന്നെ അതീവ രഹസ്യമായാണ് എല്ലാം നടന്നതും ചെയ്തതും. എന്നാൽ ഒന്നും സർക്കാരിന് അറിയില്ലെന്ന് വരുത്തി തീർക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. സർക്കാർ ഒരു തരത്തിലുള്ള കരാറിലോ അതുമായി ബന്ധപ്പെട്ട ചർച്ചകളിലോ ഭാഗഭാക്കായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു വിട്ടു. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രം. ഇതാണ് ഇന്ന് പൊളിഞ്ഞു വീഴുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ട എംഒയുവിൽ എല്ലാം ഉണ്ട്. സർക്കാരിന്റെ അനുമതിയോടെയാണ് അമേരിക്കൻ കുത്തകയായ ഇഎംസിസിയുമായി സർക്കാർ എംഒയു ഒപ്പിട്ടതെന്ന് വ്യക്തം.
ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു. കരാർ ഒപ്പിട്ടിരിക്കുന്നത് ഡ്യൂലി ഓഥറൈസ് റെപ്രസന്റേറ്റീവ് ആണ്. അതായത് കേരള സർക്കാരിന് വേണ്ടി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും, അമേരിക്കൻ കമ്പനിയുമായാണ് കരാർ. ഇനി എങ്ങനെ ഇത് സർക്കാർ അറിഞ്ഞില്ല എന്ന് പറയാൻ സാധിക്കും? ഇതാണ് ഉയരുന്ന ചോദ്യം. എല്ലാം സർക്കാർ അറിഞ്ഞിരുന്നു. എന്നാൽ വഞ്ചിക്കപ്പെട്ടത് മത്സ്യത്തൊഴിലാളികളായതു കൊണ്ട് തന്നെ ഇത് സമ്മതിക്കാൻ സർക്കാരിന് കഴിയുമായിരുന്നില്ല. നിയമസഭയിൽ അസെന്റിൽ ഏതെല്ലാം പദ്ധതികൾക്ക് എംഒയു അഥവാ ധാരണാപത്രം ഒപ്പിട്ടുവെന്ന ചോദ്യം ഉയർന്നിരുന്നു. അന്ന് അഴക്കടലിലെ രഹസ്യം സർക്കാർ മറച്ചു വച്ചു.
നിയമസഭയിൽ നൽകിയ ഉത്തരവിൽ ഇത്തരമൊരു ധാരണാപത്രത്തെ കുറിച്ച് സൂചന പോലുമില്ലായിരുന്നു. ഈ ധാരണാപത്രമാണ് ഇന്ന് രമേശ് ചെന്നിത്തല പുറത്തു വിട്ടത്. ഇതോടെ അതീവ രഹസ്യമായി നടത്താൻ ശ്രമിച്ച ഇടപാടാണ് പുറത്തു വന്നതെന്ന് വ്യക്തമാകുകയാണ്. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്ന വാദമാണ് ഇതോടെ സംശയ നിഴലിലാകുന്നത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നാടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. അതിനനുസരിച്ചുള്ള തീരുമാനമാണ് എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള കുപ്രചരണങ്ങൾ നടത്തി മത്സ്യത്തൊഴിലാളികളുടെ മനസ്സിനെ സർക്കാരിന് എതിരാക്കി തിരിച്ചുവിടാമെന്ന വ്യാമോഹം നടപ്പാകില്ല. മത്സ്യമേഖലയിൽ കൃത്യമായ നയം രൂപീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കുന്ന സർക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അസെന്റിൽ ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രവും കെ.എസ്‌ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കർ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. കമ്പനിയുടെ സിഇഒയെ മുഖ്യമന്ത്രി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒപ്പം ഗസ്റ്റ് ഹൗസിൽവെച്ച് കണ്ടിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരം. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിൽ ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാൻ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിച്ചു.
നടക്കില്ലെന്ന് പറഞ്ഞ് മേഴ്സികുട്ടിയമ്മ ഓടിച്ചുവിട്ട കമ്പനിയെ ഓടിച്ചെന്ന് ജയരാജൻ പിടിച്ചുകൊണ്ട് വന്ന് പദ്ധതി നടപ്പാക്കാൻ സ്ഥലം കൊടുത്തു. മുഖ്യമന്ത്രിയുടെ വകുപ്പ് യാനങ്ങൾ നിർമ്മിക്കാനുള്ള കരാറിൽ ഒപ്പിട്ടതായും ചെന്നിത്തല പറഞ്ഞു. എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പരസ്പര വിരുദ്ധമായ മറുപടികളാണ് പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആദ്യം താൻ ആരോപണം ഉന്നയിച്ചപ്പോൾ ഏത് കമ്പനി എന്ത് കമ്പനി എന്നൊക്കെയാണ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ഇ.എം.സിസിയുടെ കൺസെപ്റ്റ് നോട്ടിലും വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് കൊടുത്ത കത്തിലും അനുബന്ധ രേഖകളിലുമെല്ലാം തങ്ങൾ മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ വെളിച്ചത്തിലാണ് വന്നതെന്നും ക്ഷണിച്ചിട്ടാണ് വന്നതെന്നും കമ്പനി പറയുന്നുണ്ട്.
പിന്നീട് ഫോട്ടോ പുറത്തുവന്നപ്പോൾ, കമ്പനി പ്രതിനിധികൾ വന്നിരുന്നെന്നും ചർച്ച ചെയ്തതെന്താണെന്ന് ഓർമ്മയില്ലെന്നുമായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ ആദ്യ പ്രതികരണം. തന്നെ ധാരാളം ആളുകൾ ന്യൂയോർക്കിൽ വച്ച് കണ്ടിരുന്നു. അതിൽ അവരും ഉണ്ടാകാം എന്നായിരുന്നു മന്ത്രിയുടെ പിന്നീടുള്ള പ്രതികരണമെന്നും ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ