ന്യൂഡൽഹി: ഇന്ത്യയിൽ നിന്നു വിവിധ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനായി ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സൗദി, യുഎഇ, ഖത്തർ അടക്കം പതിനെട്ടുരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുമായ (ഇസിഎൻആർ) മുഴുവൻ പാസ്‌പോർട്ട് ഉടമകളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. വ്യക്തിഗത- തൊഴിൽ വിവരങ്ങളുടെ രജിസ്‌ട്രേഷൻ അടുത്ത ജനുവരി മുതൽ നിർബന്ധമാക്കും.

പുതിയ തൊഴിൽ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവർക്കും റീ എൻട്രിയിൽ പോയി മടങ്ങുന്നവർക്കും ഇത് ബാധകമാണ്. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ഇതിൽ നിന്ന് ഒഴിവില്ല. ഈ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾ നാട്ടിൽ പോകുന്ന സമയത്ത് ഇ- മൈഗ്രേറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചുവരുന്നതിന് 21 ദിവസം മുമ്പു മുതൽ ഒരു ദിവസം മുമ്പു വരെ രജിസ്‌ട്രേഷന് സമയമുണ്ട്.

ജനുവരി ഒന്നു മുതൽ ഇ-മൈഗ്രേറ്റ് നിർബന്ധം

ജനുവരി മുതൽ ഇ മൈഗ്രേറ്റ് സൈറ്റിൽ ഓൺലൈൻ രജിസ്‌റ്റ്രേഷൻ പൂർത്തിയാക്കാത്തവർക്ക് വിദേശങ്ങളിലേക്ക് പോകാൻ സാധിക്കില്ല. നിലവിൽ ജോലി നോക്കുന്ന പ്രവാസികൾക്കും പുതിയ വിസയിൽ ജോലിക്കു പോകുന്നവർക്കും ജനുവരി ഒന്നു മുതൽ ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഒരു വിസയിൽ ഒരിക്കൽ മാത്രം രെജിസ്റ്റർ ചെയ്താൽ മതി എന്നാണു അറിയിപ്പുള്ളത്. അതുകൊണ്ട് തന്നെ അവധിക്ക് നാട്ടിൽ ഇപ്പോൾ ഉള്ളവരൊക്കെ ഉടൻ തന്നെ രെജിസ്റ്റർ ചെയ്താൽ പിന്നെ അതിനെക്കുറിച്ച് ആലോചിക്കണ്ട. നിലവിൽ ഗൾഫിലുള്ളവർ നാട്ടിൽ വന്ന ഉടനെയോ ഗൾഫിലിരുന്ന് കൊണ്ട് തന്നെ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാം.

https://emigrate.gov.in/ എന്ന വെബ്‌സൈറ്റിൽ വളരെ ലളിതമായി ചെയ്യാവുന്നതാണ് രജിസ്‌ട്രേഷൻ നടപടികൾ. വെബ്‌സൈറ്റിൽ കയറിയ ശേഷം അതിൽ ECNR Regtsiration എന്ന് കാണുന്ന സ്ഥലത്ത് ക്‌ളിക്ക് ചെയ്യുക. അപ്പോൾ നമ്മുടെ മൊബൈൽ നംബർ ചോദിക്കും. അതിൽ ഇന്ത്യയിലെ മൊബൈൽ നമ്പർ ചേർക്കുക. അപ്പോൾ അതിലേക്ക് ഒ ടി പി നംബർ മെസ്സേജ് ആയി വരും. അത് അടിച്ചുകൊടുത്താൽ അടുത്ത പേജിലേക്ക് പോകും.

അടുത്ത പേജിൽ ആവശ്യമായ കാര്യങ്ങൾ ചേർക്കണം. മുകളിൽ റെഡ് സ്റ്റാർ ഇട്ടത് നിർബന്ധമായും പൂരിപ്പിക്കണം. അല്ലാത്തത് ആവശ്യമെങ്കിൽ ചെയ്താൽ മതി. പാസ്‌പോർട്ട് നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ, സംസ്ഥാനം, ജില്ല, ജോലി, പോകുന്ന രാജ്യം, പ്രൊഫഷൻ, വിസ, അത്യാവശ്യഘട്ടങ്ങളിൽ നാട്ടിലും മറുനാട്ടിലും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, അഡ്രസ്, തൊഴിൽദാതാവ്, സ്ഥാപനത്തിൽ ബന്ധപ്പെടാവുന്ന ഒരു വ്യക്തിയുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ, അഡ്രസ് തുടങ്ങിയ വിവരങ്ങൾ നൽകണം. എല്ലാം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുമ്പോൾ കൺഫർമേഷൻ മെസ്സേജ് നമ്മുടെ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് തന്നെ എത്തും.

പാസ്‌പോർട്ട് ഉടമ തന്നെയാണ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്‌ട്രേഷന് പ്രത്യേകം ഫീസ് ഒന്നും ഈടാക്കുന്നില്ല. പുതിയ തൊഴിൽ വിസക്കാർ റിക്രൂട്ടിങ് ഏജൻസി വഴിയാണ് പോകുന്നതെങ്കിൽ ഏജന്റിന്റെ പേരും നൽകേണ്ടതുണ്ട്. വിസ പുതുക്കുമ്പോൾ രജിസ്‌ട്രേഷൻ പുതുക്കേണ്ടതില്ലെങ്കിലും വിദേശരാജ്യത്തെ തൊഴിൽ സ്ഥാപനം മാറുമ്പോൾ രജിസ്‌ട്രേഷൻ പുതുക്കണം. നിലവിൽ ഇസിഎൻആർ പാസ്‌പോർട്ടിൽ ഇത്തരം വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നവർ വിദ്യഭ്യാസ, തൊഴിൽ പശ്ചാത്തലം കണക്കിലെടുക്കാതെ രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ നിർദ്ദേശം.

ഇ-മൈഗ്രേറ്റിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ യാത്ര മുടങ്ങും

ജനുവരി ഒന്നു മുതൽ ഇ-മൈഗ്രേറ്റിൽ രജിസ്റ്റർ ചെയ്യാത്തവരെ എയർപോർട്ടിലർ തടയും. രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അറിയിപ്പായി അപേക്ഷകന് ലഭിച്ച എസ്എംഎസ്, ഇ-മെയിൽ സന്ദേശങ്ങൾ വിമാനത്താവളത്തിൽ കാണിച്ചാൽ മാത്രമേ വിമാനത്തിൽ കയറാൻ സാധിക്കുകയുള്ളൂ. ഇന്ത്യയിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായിരിക്കുകയും വേണം. വിമാനത്താവളത്തിൽ നിന്ന് തിരിച്ചയയ്ക്കുന്നവർക്ക് രജിസ്‌ട്രേഷൻ പൂർത്തീകരിച്ച് തിരിച്ചു വന്ന് യാത്ര തുടരാം.

ഇ-മൈഗ്രേറ്റ് ലക്ഷ്യമാക്കുന്നത് തൊഴിൽ സംരക്ഷണവും ചൂഷണത്തിൽ നിന്നു മോചനവും

മനുഷ്യക്കടത്തും അനധികൃത റിക്രൂട്ട്‌മെന്റും ചൂഷണവും തടയാനായാണ് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം ഇ-മൈഗ്രേറ്റ് സംവിധാനം കൊണ്ടു വന്നിരിക്കുന്നത്. എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളവരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്താൻ 2015 മുതലാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ തുടങ്ങിയത്. തൊഴിൽസുരക്ഷ എല്ലാ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ.സി.എൻ.ആർ. പാസ്‌പോർട്ടുകൾ ഉള്ളവർക്കും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത്. വിദേശത്ത് തൊഴിൽതേടുന്ന ഇന്ത്യക്കാർക്ക് അനുയോജ്യമായ തൊഴിൽസാഹചര്യങ്ങൾ ഉറപ്പുവരുത്താനും ഇതു സഹായമാകുമെന്ന് അധികൃതർ പറഞ്ഞു.

യു.എ.ഇ., സൗദി, ഖത്തർ രാജ്യങ്ങൾക്കു പുറമേ കുവൈത്ത്, ബഹ്റൈൻ, ഒമാൻ, മലേഷ്യ, ഇറാഖ്, ജോർദാൻ, തായ്ലൻഡ്, യെമെൻ, ലിബിയ, ഇൻഡൊനീഷ്യ, സുഡാൻ, അഫ്ഗാനിസ്ഥാൻ, സൗത്ത് സുഡാൻ,  ലബനൻ,സിറിയ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുമ്പോഴും ഇതു ബാധകമാണ്. www.emigrate.gov.in  എന്ന വെബ്സൈറ്റിലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.

ഇ-മൈഗ്രേറ്റ് വിസ തൊഴിൽ വിസയ്ക്കു മാത്രം ബാധകം

തൊഴിൽ വിസയൊഴികെ സന്ദർശക, ബിസിനസ്, തീർത്ഥാടന വിസകൾക്കൊന്നും ഇത് ആവശ്യമില്ല. ആശ്രിത വിസയിൽ വിദേശത്ത് എത്തുകയും അതേസമയം അവിടെ ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും പറയുന്നു.

വിദേശത്ത് ജോലിക്കു പോകുന്നവരുടെ ക്ഷേമം ഉറപ്പുവരുത്താനും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കൂടിയാണ് പുതിയ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 1800113090 എന്ന ടോൾഫ്രീ നമ്പറിലോ helpline@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.