10,000 മീറ്റർ ഓട്ടത്തിൽ 10,000 മീറ്ററും പൂർത്തിയാക്കിയെങ്കിൽ മാത്രമേ മെഡൽ ലഭിക്കൂ എന്ന് അമേരിക്കക്കാരി മോളി ഹഡിൽ മനസ്സിലാക്കിയപ്പോഴേക്കും നാട്ടുകാരി കൂടിയായ എമിലി ഇൻഫെൽഡ് മെഡലും കൊണ്ടുപോയിരുന്നു. ആഫ്രിക്കൻ താരങ്ങളോട് ഇഞ്ചോടിഞ്ച് മത്സരിക്കുകയും ഫിനിഷിങ് പോയന്റിനരികെവരെ മൂന്നാം സ്ഥാനത്തുനിൽക്കുകയും ചെയ്തശേഷമാണ് മോളി ഹഡിലിന് മെഡൽ നഷ്ടമായത്. ഫിനിഷ് ചെയ്യുന്നതിനുമുമ്പ് ആഹ്ലാദിക്കാനായി കൈകളുയർത്തിയ മോളിഹഡിലിനെ അവസാന നിമിഷം എമിലി കീഴടക്കുകയായിരുന്നു.

ഫിനിഷിങ് പോയന്റിനോടടുത്തപ്പോൾ മെഡൽ ഉറപ്പിച്ചു എന്ന ധാരണയിൽ ഓട്ടമൊന്ന് അനായാസമാക്കിയതാണ് മോളി ഹഡിലിന് വിനയായത്. 31 മിനിറ്റ് 43.49 സെക്കൻഡിലാണ് എമിലി വെങ്കലമെഡൽ നേടിയത്. 31 മിനിറ്റ് 43.8 സെക്കൻഡിൽ ഹഡിൽ നാലാമതായിപ്പോയി. തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് വിലപിച്ച ഹഡിലിനെ മെഡൽനേട്ടത്തിനിടെയും സാന്ത്വനിപ്പിക്കാൻ എമിലി എത്തി.

ഈ നഷ്ടത്തിൽനിന്ന് കരകയറാൻ തനിക്ക് കാലമേറെയെടുക്കുമെന്നാണ് ഹഡിൽ പറയുന്നത്. ഇങ്ങനെയൊരു അവസരം ഇനി തേടിവരുമോ എന്നറിയില്ലെന്നും നിരാശയോടെ ഹഡിൽ പറയുന്നു.2007-ൽ അമേരിക്കയുടെ കാര ഗൗച്ചർ മെഡൽ നേടിയശേഷം 10,000 മീറ്ററിൽ ആദ്യമായി ആഫ്രിക്കയ്ക്ക് പുറത്തുനിന്നുള്ള മെഡൽ ജേതാവാകാനുള്ള അവസരമാണ് ഹഡിൾ നഷ്ടപ്പെടുത്തിയത്. ആ പദവി ഇനി എമിലിക്ക് സ്വന്തമാവുകയും ചെയ്തു.

താൻ തൊട്ടരികിലുണ്ടായിരുന്നുവെന്ന കാര്യം ഹഡിൽ അറിഞ്ഞിരുന്നില്ലെന്ന് എമിലി പറയുന്നു. ഹഡിലിന്റെ നിരാശകാണുമ്പോൾ, താൻ എന്തോ തെറ്റ് ചെയ്തുവെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും അവർ പറഞ്ഞു. വിജയിച്ചുവെന്ന് ഉറപ്പിച്ച് ആകാശത്തേയ്ക്ക് കൈകളുയർത്തിപ്പോയ സാവകാശത്തിലാണ് എമിലി ഹഡിലിനെ മറികടന്നത്. മുഖം പൊത്തി ഫിനിഷിങ് ലൈനിനരികിൽനിന്ന് വിതുമ്പിയ ഹഡിൽ 10,000 മീറ്ററിലെ സങ്കടക്കാഴ്ചയായി മാറി.