ദുബായ്: നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികൾ ഖത്തറിലേക്കുള്ള സർവീസുകളും നിർത്തിവെക്കും. 

എമിറേറ്റ്സ് എയർവെയ്സ്, ഇത്തിഹാദ്, സൗദിയ, ഗൾഫ് എയർ, ഈജിപ്ത് എയർ എന്നീ വിമാന കമ്പനികൾ ഇനി ഖത്തറിലേക്ക് സർവീസ് നടത്തില്ല. അതേ സമയം ഖത്തറിലെ തീർത്ഥാടകരെ എത്തിക്കുന്നതിൽ സൗദി അറേബ്യയുടെ വിലക്കില്ല.

ഖത്തറിലേക്കുള്ള വിമാന സർവീസുകൾ ഈ രാജ്യങ്ങൾ നിർത്തിവെച്ചതോടെ സ്വദേശികൾക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും. ഖത്തർ പ്രവാസികൾക്കൊപ്പം യുഎഇ,സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ബാധിക്കും.

ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവർക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കിൽ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും.

തീവ്രാവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി,യുഎഇ,ബഹ്റൈൻ, ഈജിപ്ത് എന്നീ നാല് രാജ്യങ്ങൾ ഉപേക്ഷിച്ചത്.