ദുബൈ: ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സർവീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്കുള്ള വിമാനത്തിൽ പ്രവേശനം അനുവദിക്കില്ലെന്ന് എയർലൈൻ വെബ്സൈറ്റിൽ അറിയിച്ചു.

ജൂലൈ 15വരെ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ച തീരുമാനമാണ് എമിറേറ്റ്സ് ഇപ്പോൾ നീട്ടിയത്. ഇന്ത്യയിൽ നിന്ന് ജൂലൈ 21 വരെ സർവീസുകളുണ്ടാകില്ലെന്ന് എയർ ഇന്ത്യയും ഇത്തിഹാദും നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് യുഎഇയും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ ഏപ്രിൽ 25മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ചില വിമാന കമ്പനികൾ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് വിസ്താര എയർലൈൻ, ഇൻഡിഗോ എന്നിവ പുനരാരംഭിച്ചത്.