ദുബായ്: യു.എ.ഇ.യുടെ തിരിച്ചറിയൽ രേഖയായ എമിറേറ്റസ് നാഷണൽ ഐ.ഡി. കാർഡ് പുതുക്കാൻ വൈകിയവർക്ക് ഇളവുകളോടെ അത് പുതുക്കാൻ അവസരം. കാലാവധി പൂർത്തിയായി മൂന്നുമാസം കഴിഞ്ഞിട്ടും പുതുക്കാൻ സാധിക്കാത്തവർക്ക് സർക്കാർ നിബന്ധനകൾക്കനുസരിച്ചുള്ള കാരണങ്ങൾ ബോധിപ്പിച്ചാൽ പിഴ ഒഴിവാക്കിക്കൊണ്ട് വീണ്ടും പുതുക്കാം.

ചില പ്രത്യേക സാഹചര്യങ്ങളാൽ പുതുക്കാൻ സാധിക്കാത്തവർക്കാണ് ഇളവുകൾ;. എന്നാൽ വൈകിയതിനുള്ള കാരണങ്ങൾ ബോധിപ്പിക്കാനായി വ്യക്തമായ രേഖകൾ ഹാജരാക്കേണ്ടതാണ്. വിദേശികൾക്ക് മാത്രമല്ല ജി.സി.സി. രാജ്യങ്ങളിലുള്ളവർക്കും സ്വദേശികൾക്കും ഈ ആനുകൂല്യം ലഭിക്കും.

ഐ.ഡി. കാർഡ് ഉടമകൾക്കും അവരുടെ സപോണ്‌സര്ഷിപ്പിലുള്ള കുടുംബങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. നിയമപരമായോ ഔദ്യോഗികയാത്രകളുടെ ഭാഗമായോ വിദേശത്ത് പോയതിനാൽ ഐ.ഡി. മൂന്നുമാസത്തിലധികമായി പുതുക്കാൻ സാധിച്ചില്ലെങ്കിൽ പിഴ ഒഴിവാക്കാൻ യാത്രാരേഖകൾ ഹാജരാക്കിയാൽ മതിയാകും. പോകാൻ ഇടയായ സാഹചര്യങ്ങൾ വിശദമാക്കുന്ന അഥോറിറ്റിയിൽനിന്നുള്ള കത്തുകളും അനുബന്ധ രേഖകളും യാത്രാരേഖകളിൽ അടക്കം ചെയ്തിരിക്കണം.

യു.എ.ഇ.ക്ക് പുറത്ത് മൂന്നുമാസത്തിലധികമായി താമസിക്കേണ്ടിവന്നാലും പാസ്‌പോര്ട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കിയാൽമതി. രാജ്യത്തിന് പുറത്തുപോയി പൂർണമായും കിടപ്പിലായാലും അംഗവൈകല്യം സംഭവിച്ചാലും മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഹാജരാക്കിയാൽ ഐ.ഡി. പുതുക്കാൻ ഇളവുകൾ ലഭിക്കും. അതത് രാജ്യങ്ങളുടെ എംബസികളിലോ കോൺസുലേറ്റുകളിലോ ജോലിചെയ്യുന്നവർക്കും അവരുടെ ആശ്രിതർക്കും നിശ്ചിത കാലപരിധിക്കുള്ളിൽ എമിറേറ്റ്‌സ് ഐ.ഡി. പുതുക്കുന്നതിന് പിഴ ഒഴിവാക്കി ക്കൊണ്ടുള്ള ഇളവുകൾ അനുവദിച്ചിട്ടുണ്ട്.