ദുബായ്: ദുബായിയിൽ ആരോഗ്യ ഇൻഷൂറൻസ് കാർഡുകൾക്ക് പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്നത് അടുത്ത വർഷം നിലവിൽ വരുമെന്ന് അധികൃതർ. ഏതാനും മാസങ്ങൾക്കകം ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകും. ഇൻഷൂറൻസ് കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്രയും പെട്ടെന്ന് എമിറേറ്റ്സ് ഐഡി അധികൃതർ കൈമാറുമെന്ന് ഇൻഷൂറൻസ്് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ദുബായ് ഹെൽത്ത് അഥോറിറ്റി അറിയിച്ചു.

അടുത്തു വർഷം ആദ്യപാദത്തിൽ തന്നെ ആരോഗ്യ ഇൻഷൂറൻസ് കാർഡുകൾ എമിറേറ്റ്സ് ഐഡിക്ക് വഴിമാറുമെന്നാണ് ദുബായ് ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. ദുബായിയിലെ മുഴുവൻ താമസക്കാർക്കും ആരോഗ്യ ഇൻഷൂറൻസ്് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സേവനങ്ങൾ എമിറേറ്റസ് ഐഡി വഴിയാക്കുന്നത്.

ഇതിനായി ഇൻഷൂറൻസ് കാർഡുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും കമ്പനികൾ എമിറേറ്റസ് ഐഡി അധികൃതർക്ക് കൈമാറണം. ഇത് പുരോഗമിക്കുകുയാണെന്നും ഡിഎച്ച്എ അധികൃതർ അറിയിച്ചു. ഇൻഷൂറൻസ് കമ്പനികളുടെ കൈവശമുള്ള വിവരങ്ങൾ സെൻട്രൽ ഡാറ്റ ബെയ്സുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പദ്ധതി നിലവിൽ വരുന്നതോട് കൂടി ആരോഗ്യസേവനങ്ങൾക്കായി ഇൻഷൂറൻസ്് കാർഡുകൾ വേണ്ടി വരില്ല. എമിറേറ്റ്സ് ഐഡി സ്വൈപ് ചെയ്താൽ മാത്രം മതിയാകും. ഇതിനായി ആശുപത്രികളിലും ഫാർമസികളിലും എമിറേറ്റ്സ് ഐഡി റീഡർ വിതരണം ചെയ്യും. ദുബായിയിൽ 3.4 ദശലക്ഷം ജനങ്ങളാണ് നിലവിൽ ഇൻഷൂറൻസ് പരിരക്ഷ എടുത്തിട്ടുള്ളത്. ഈ വർഷം അവസാനത്തോടുകൂടി മുഴുവൻ ജനങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്നും ഡിഎച്ച്എ അധികൃതർ അറിയിച്ചു.