ദുബൈ: യൂണിയൻ കോപിന്റെ ദുബൈയിലെ നാദ് അൽ ഹമർ ഏരിയയിലുള്ള മാൾ തുറന്നു. ഹൈപ്പർമാർക്കറ്റും 43 കടകളും ഉൾപ്പെടുന്ന മാളിന് 169,007 ചതുരശ്ര അടി വിസ്തീർണമുണ്ട്. കോഓപ്പറേറ്റീവിന്റെ ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്ക് സന്തോഷം നൽകുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽപ്പെട്ടതാണ് പുതിയ മാൾ. പുതിയ മാൾ കൂടി തുറന്നതോടെ ദുബൈയിൽ വിവിധ സ്ഥലങ്ങളിലുള്ള യൂണിയൻ കോപ് ശാഖകളുടെ എണ്ണം 24 ആയി.

യൂണിയൻ കോപിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ഷംസി, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, യൂണിയൻ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി, എന്നിവർ ചേർന്നാണ് മാൾ ഉദ്ഘാടനം ചെയ്തത്. ഡിവിഷൻ, ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാർ, യൂണിയൻ കോപിലെ നിരവധി ജീവനക്കാർ, ഉദ്യോഗസ്ഥർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നാദ് അൽ ഹമർ മാളിലെ 24-ാമത് ശാഖ തുറന്നതിനോട് അനുബന്ധിച്ച് യൂണിയൻ കോപ് അഞ്ചു ദിവസത്തെ ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ നീളുന്ന ഡിസ്‌കൗണ്ട് ഓഫറിൽ വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും. ഉയർന്ന നിലവാരമുള്ള മികച്ച ഉൽപ്പന്നങ്ങളാണ് യൂണിയൻ കോപ് ഉപഭോക്താക്കൾക്കായി നൽകുന്നത്.

രാജ്യത്തെ റീട്ടെയിൽ മേഖല സാക്ഷ്യം വഹിച്ച വികസനങ്ങളുടെ ഫലമായാണ് പുതിയ മാൾ തുറന്നതെന്ന് യൂണിയൻ കോപ് ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ഷംസി പറഞ്ഞു. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് കൂടി കണക്കിലെടുത്താണിത്. എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാനും പുതിയ മാൾ ലക്ഷ്യമിടുന്നു. പൗരന്മാർക്കും താമസക്കാർക്കും ഇതുവരെയില്ലാത്ത രീതിയിൽ മികച്ച ഷോപ്പിങ് അനുഭവം നൽകി കൊണ്ട് സാമ്പത്തിക വികസനത്തിന് പിന്തുണ നൽകുകയും കോഓപ്പറേറ്റീവ് ലക്ഷ്യമാക്കുന്നു. ബിസിനസ് വികസിപ്പിക്കുകയെന്ന ആഗ്രഹവുമായാണ് കോഓപ്പറേറ്റീവ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നാദ് അൽ ഹമറിലെ പുതിയ മാളിന്റെ ആരംഭത്തോടെ ദുബൈയിലുടനീളം വ്യപിച്ചിട്ടുള്ള യൂണിയൻ കോപ് ശാഖകളുടെ എണ്ണം 24 ആയതായി സിഇഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലസി പറഞ്ഞു. മികച്ച എഞ്ചിനീയറിങ് നിലവാരവും അന്താരാഷ്ട്ര ആർക്കിടെക്ചറൽ ഡിസൈനുകളും ഉൾപ്പെടുത്തിയാണ് മാൾ നിർമ്മിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവഴി ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത, സവിശേഷമായ ഷോപ്പിങ് അനുഭവമാണ് ലഭിക്കുന്നത്. ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ എല്ലാ വിഭാഗം ആളുകളുടെയും, പ്രത്യേകിച്ച് നാദ് അൽ ഹമറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും.

ഓഹരി ഉടമകൾക്കും ഉപഭോക്താക്കൾക്കും വേണ്ടി കൂടുതൽ സ്ഥലങ്ങളിലേക്ക് യൂണിയൻ കോപ് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതായി സിഇഒ കൂട്ടിച്ചേർത്തു. പുതിയ ശാഖകളും കൊമേഴ്സ്യൽ സെന്ററുകളും തുറക്കുന്നതിലൂടെ സ്റ്റോക്ക് അനുപാതം ഉയർത്താനും എല്ലാ പ്രാദേശിക, അന്താരാഷ്ട്ര ഉൽപ്പന്നങ്ങളും ഉന്നത നിലവാരത്തിലും മിതമായ വിലയിലും ദുബൈയിലെ താമസക്കാരിലേക്ക് എത്തിക്കാനുമാണ് യൂണിയൻ കോപിന്റെ ലക്ഷ്യം. പുതിയ മാളിലെ എല്ലാ കടകളും റെക്കോർഡ് സമയത്തിലാണ് വാടകയ്ക്ക് നൽകാനായതെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി മാൾ വിഭാഗത്തിൽപ്പെടുന്ന പുതിയ മാളിന്റെ 100 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. 169,007 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീർണം. 117,349 ചതുരശ്ര അടി സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും ഉൾപ്പെടെ ആകെ രണ്ടു നിലകളാണ് ഉള്ളത്. ഗ്രൗണ്ട് ഫ്ലോറിൽ 26 കടകളും മൂന്ന് കിയോസ്‌കുകളും ഉണ്ട്. ഒന്നാം നിലയിൽ 17 കടകളാണ് ഉള്ളത്. ആകെ 21,331 ചതുരശ്ര അടി കൊമേഴ്സ്യൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാല് കിയോസ്‌കുകളുമുണ്ട്. 42,943 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന യൂണിയൻ കോപ് ഹൈപ്പർമാർക്കറ്റും ഒന്നാം നിലയിലുണ്ട്. ഔട്ട്ഡോർ പാർക്കിങ് സ്പേസിന് പുറമെ 157 പാർക്കിങ് സ്പേസുകളും മാളിലുണ്ട്. രാവിലെ 6.30 മുതൽ രാത്രി രണ്ടു മണി വരെയാണ് മാളിന്റെ പ്രവർത്തന സമയം.