അബുദാബി: ഒന്നരപ്പതിറ്റാണ്ടു കൊണ്ട് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ കെട്ടിപ്പടുത്ത മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സ് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ (എഡിഎക്സ്) വിജയകരമായി ലിസ്റ്റ് ചെയ്തു. എഡിഎക്സിൽ നടന്ന ചടങ്ങിൽ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ, എഡിഎക്‌സ് ചെയർമാൻ ഹിഷാം ഖാലിദ് മാലക്ക് എന്നിവർ വ്യാപാരത്തിന് തുടക്കമിട്ടുകൊണ്ട് ബെൽ റിങ് ചെയ്തു.

ആദ്യ മണിക്കൂറിൽ തന്നെ ബുർജീൽ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2 ദിർഹമായിരുന്നു ലിസ്റ്റ് ചെയുമ്പോൾ ഒരു ഓഹരിയുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിർഹത്തിൽ. ഇത് ആദ്യ മണിക്കൂറിൽ 2.40 വരെ ഉയർന്നു. 'ബുർജീൽ' ചിഹ്നത്തിന് കീഴിൽ ഇന്റർനാഷണൽ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ (ഐഎസ്ഐഎൻ) 'AEE01119B224' ലാണ് ബുർജീൽ ഹോൾഡിങ്‌സ് വ്യാപാരം തുടങ്ങിയത്.

ബുർജീൽ ഹോൾഡിങ്സിനെ എഡിഎക്‌സ് പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്യുന്നതായും വിജയകരമായ ഐപിഒയ്ക്ക് കമ്പനിയെ അഭിനന്ദിക്കുന്നതായും ചടങ്ങിൽ സംസാരിച്ച എഡിഎക്‌സ് ചെയർമാൻ ഹിഷാം ഖാലിദ് മാലക് പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും മികവിനോടുള്ള പ്രതിബദ്ധതയുമുള്ള സംരംഭകർക്കും കമ്പനികൾക്കും ലിസ്റ്റ് ചെയ്യപ്പെട്ട മുൻനിര കമ്പനികളായി എങ്ങനെ ഉയരാം എന്നതിന്റെ ഉദാഹരണമാണ് ബുർജീൽ ഹോൾഡിങ്‌സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബുർജീൽ ഹോൾഡിങ്സിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അബുദാബിയിൽ തന്നെ കമ്പനി ലിസ്റ്റ് ചെയ്യാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു. ''വെല്ലുവിളികൾ ഏറ്റെടുക്കാൻ സന്നദ്ധരായ സംരംഭകർക്കും ആളുകൾക്കും യുഎഇ നൽകുന്ന അവസരങ്ങളുടെ തെളിവാണ് ബുർജീൽ ഹോൾഡിങ്സിന്റെ വളർച്ച. നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള അബുദാബിയുടെ പങ്ക് സുദൃഢമാക്കാനും സ്വകാര്യ മേഖലയുടെ വിപുലീകരണത്തിലൂടെ യുഎഇയുടെ മൂലധന വിപണി ശക്തമാക്കാനുമുള്ള ശ്രമങ്ങൾക്ക് ഐപിഒ പിന്തുണയേകും.''

എഡിഎക്സിലെ ഏറ്റവും വലിയ ഹെൽത്ത്‌കെയർ കമ്പനി

ബുർജീൽ ഹോൾഡിങ്സിന്റെ 11% ഓഹരികളാണ് പ്രാരംഭ പബ്ലിക് ഓഫറിലൂടെ (ഐപിഒ) ലഭ്യമാക്കിയത്. ഇതിലൂടെ കമ്പനി സമാഹരിച്ചത് 1.1 ബില്യൺ ദിർഹമായിരുന്നു. ഐപിഒയ്ക്കുള്ള ആകെ ഡിമാൻഡ് 32 ബില്യൺ ദിർഹത്തിലധികമായിരുന്നു, 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷൻ. ബുർജീൽ ഹോൾഡിങ്സിന്റെ ഓഹരികൾക്ക് നിശ്ചയിച്ച അന്തിമ വില 2 ദിർഹമായിരുന്നു. ലിസ്റ്റ് ചെയ്യുന്ന സമയത്ത് കമ്പനിയുടെ വിപണി മൂലധനം 10.4 ബില്യൺ ദിർഹം. ഓഹരി വില ഉയർന്നതോടെ ഇത് 12 ബില്യൺ വരെയായി. നിലവിൽ എഡിഎക്സിൽ വ്യാപാരം നടത്തുന്ന ഏറ്റവും വലിയ ഹെൽത്ത്‌കെയർ കമ്പനിയായി ബുർജീൽ ഹോൾഡിങ്‌സ്.

അറ്റവരുമാനത്തിന്റെ 40 മുതൽ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേകർക്ക് 2023 മുതൽ ക്യാഷ് ഡിവിഡന്റ് നൽകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

യുഎഇയിലെ എല്ലാ വിഭാഗക്കാർക്കും ഉന്നത നിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2007-ൽ അബുദാബിയിൽ ആദ്യ ആശുപത്രി സ്ഥാപിച്ച ബുർജീൽ ഹോൾഡിങ്സിന് കീഴിൽ നിലവിൽ16 ആശുപത്രികളും 23 മെഡിക്കൽ സെന്ററുകളുമടക്കം 61 ആസ്തികളാണുള്ളത്. പ്രാഥമിക തലം മുതൽ ക്വാറ്റർനറി തലംവരെയുള്ള മെഡിക്കൽ ശൃംഖലയുള്ള ഗ്രൂപ്പ് സൗദി അറേബ്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ്.

നിലവിൽ ഡോ. ഷംഷീറിന്റെ വിപിഎസ് ഹെൽത്ത്‌കെയർ ഹോൾഡിങ്സ് കമ്പനിക്ക് ബുർജീൽ ഹോൾഡിങ്‌സിൽ 70% ഓഹരി പങ്കാളിത്തമാണുള്ളത്. 15% ഓഹരികൾ യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി (ഐഎച്ച്സി) ഏറ്റെടുത്തിരുന്നു.