ദുബായ് -ഒക്ടോബർ 12: വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും പ്രവാസികൾക്കും വിജ്ഞാനവും വിനോദവും പകരാൻ ലക്ഷ്യമിട്ടുള്ള പുതിയ ഓൺലൈൻ- ഡിജിറ്റൽ റേഡിയോ സ്റ്റേഷൻ -360 റേഡിയോ-ക്ക് തുടക്കമായി (ഒക്ടോബർ 12). അജ്മാനിലെ 360 റേഡിയോ നിലയത്തിൽ നടന്ന ചടങ്ങിൽ അറബ് ടെലിവിഷൻ-റേഡിയോ രംഗത്തെ കുലപതി അബു റാഷിദാണ് സ്റ്റേഷന്റെ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

' നല്ല ആശയവുമായാണ് 360 റേഡിയോയുടെ തുടക്കം. കാരണം അത് വിദ്യാർത്ഥികളെയും കുടുംബത്തെയും വിദ്യാഭ്യാസത്തെയും ഒരുപോലെ ലക്ഷ്യമിടുന്നു എന്നതാണ്. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് വിഭാവനം ചെയ്തതുപോലെ, യു എ ഇ എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്‌കാരം പിന്തുടരുന്ന രാജ്യമാണ്. അതിനാൽ വിവിധ ഭാഷകളും സംസ്‌കാരവുമുൾക്കൊള്ളുന്ന പരിപാടികളുമായി മുന്നോട്ട് പോകാൻ 360 റേഡിയോക്ക് കഴിയട്ടെ എന്ന് അബു റാഷിദ് ഉദ്ഘാടന വേളയിൽ ആശംസിച്ചു . 360 റേഡിയോ സംവിധാനിച്ച പുതിയ സാങ്കേതികവിദ്യയെ അദ്ദേഹം പ്രശംസിച്ചു.

പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി, വിനോദവും വിദ്യാഭ്യാസവും ഒരുപോലെ സമ്മേളിക്കുന്ന പരിപാടികളിലൂടെ ആളുകൾ പരസ്പരം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന പരിപാടികളാണ് 360 റേഡിയോയുടെ സവിശേഷത. സാധാരണ റേഡിയോകളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകളിൽ ഒരേപോലെ സ്റ്റേഷൻ പ്രവർത്തിക്കും. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി വിവിധ ഇന്ത്യൻ, ദക്ഷിണേഷ്യൻ ഭാഷകളിലുള്ള പരിപാടികളും വിവിധ സന്ദർഭങ്ങളിൽ പ്രക്ഷേപണം ചെയ്യും.

'യുഎഇയുടെ സാംസ്‌കാരിക വൈവിധ്യത്തെയും വിശ്വപൗരത്വത്തെയും 360 റേഡിയോ കൊണ്ടാടുന്നു. നമ്മിൽ നിന്ന് വ്യത്യസ്തരായ മനുഷ്യരെ കേൾക്കുന്നതും അറിയുന്നതും നാം ജീവിക്കുന്ന ലോകത്തെപ്പറ്റി നമ്മെ പലതും പഠിപ്പിക്കും. അതുകൊണ്ട് തന്നെയാണ് 'കേൾക്കുന്നത് നന്മയാണ്' എന്നത് 360 റേഡിയോ തങ്ങളുടെ അടയാളവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. പോറ്റുന്ന നാടിനെ കൂടുതൽ അറിയാനും അതെ സമയം പിറന്ന നാടിന്റെ ഭാഷയെയും സംസ്‌കാരത്തെയും ഓർക്കുവാനും ഉള്ള വേദിയൊരുക്കുകയും ആണ് ഈ പുതിയ റേഡിയോയുടെ ദൗത്യം എന്ന് ഞങ്ങൾ വിചാരിക്കുന്നു'- അജ്മാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാനും റേഡിയോ 360 ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു. ഔപചാരിക ഉദ്ഘടനത്തിനു ശേഷം അബു റാഷിദിനൊപ്പം ആധുനിക രീതിയിൽ സജ്ജീകരിച്ച സ്റ്റുഡിയോയും പരിസരവും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

യു എ ഇ യിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവിചക്ഷണരുടെയും പ്രഭാഷണങ്ങൾക്കും ശില്പശാലകൾക്കും സംഭാഷണങ്ങൾക്കും 360 റേഡിയോ വേദിയാകും. കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്നു കേൾക്കാനുള്ള പരിപാടികൾക്ക് പുറമെ ഇമാറാത്തി സംസ്‌കാരത്തെയും ചരിത്രത്തെയും പ്രവാസത്തിന്റെ ആദ്യകാലത്തെ കഥകളെയും ജീവിതങ്ങളെയും റേഡിയോ പരിചയപ്പെടുത്തും. കലാ-സാംസ്‌കാരിക-കച്ചവട- കാരുണ്യമേഖലകളിൽ നിന്നുള്ള പ്രവാസികളുമായുള്ള മുഖാമുഖങ്ങളും പരിപാടി പട്ടികയിൽ ഉണ്ട്. ഇതിനു പുറമെ ഗാനങ്ങളും വിനോദപരിപാടികളും വാർത്തകളും ഈ ഓൺലൈൻ റേഡിയോയിൽ സംപ്രേഷണം ചെയ്യും.

'കോവിഡിന് ശേഷം സാങ്കേതികവിദ്യ പഠനത്തിന് ഉപയോഗിക്കാവുന്ന പുതിയ രീതികൾ നാം കണ്ടു കഴിഞ്ഞു. അതുപയോഗപ്പെടുത്തേണ്ടതുണ്ട് എന്ന് ഞങ്ങൾ വിചാരിക്കുന്നു. എല്ലാ കേൾവിക്കാരിലും പഠനമാഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയും എല്ലാ വിദ്യാർത്ഥികളിലും വിനോദമാഗ്രഹിക്കുന്ന കേൾവിക്കാരും ഉണ്ട് എന്ന് പറയാറുണ്ട്. ഈ ഒരു വശത്തെ സംബോധന ചെയ്യാനാണ് പുതിയ സ്റ്റേഷൻ ശ്രമിക്കുന്നത്'- 360 റേഡിയോ പ്രോഗ്രാം ഡയറക്ടർ ബിഞ്ചു കൊച്ചുണ്ണി കൂട്ടിച്ചേർക്കുന്നു.

ഓൺലൈൻ റേഡിയോ രംഗത്ത് ഗൾഫിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ കാൽവയ്‌പ്പാണ് 360 റേഡിയോ. സ്ഥലത്തിന്റെയോ ഫ്രീക്വൻസി പരിമിധികളൊന്നുമില്ലാതെ, മൊബൈൽ ഫോണുകളിലൂടെയും മറ്റും കേൾവിക്കാരന്റെ സൗകര്യത്തിനനുസരിച്ച് കേൾക്കാനും റെക്കോർഡ് ചെയ്യാനും ഡിജിറ്റൽ ലോകത്തെ പുത്തൻ ട്രൻഡുകളും സൗകര്യങ്ങളും 360 റേഡിയോയിലൂടെ അനുഭവിക്കാനാകും .

360 റേഡിയോ ഇംഗ്ലീഷിലുള്ള വിദ്യാഭ്യാസപരിപാടികൾ പോഡ്കാസ്റ്റുകളായി സ്റ്റേഷൻ വെബ്‌സൈറ്റിലൂടെയും പ്രവാസികൾക്കായുള്ള വാർത്തകൾ, യുവാക്കളുടെ പരിപാടികൾ എന്നിവ സാമൂഹ്യമാധ്യമങ്ങളിലൂടെയും ലഭ്യമാക്കും. വിദ്യാർത്ഥികൾക്കും ശ്രോതാക്കൾക്കും വീട്ടമ്മമാർക്കുമായി ഒട്ടേറെ മത്സരങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് www.360.radio വെബ്‌സൈറ്റ് സന്ദർശിക്കാം.360radiouae എന്ന ആപ് വഴി മൊബൈൽ ഫോണുകളിലൂടെയും ഇതിന്റെ ഭാഗമാവാം. വിജ്ഞാനം വർധിപ്പിക്കുന്നതോടൊപ്പം വിലയേറിയ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള ധാരാളം മത്സരങ്ങളും പരിപാടികളും മൊബൈൽ ആപ്പിൽ വരും ആഴ്ചകളിലുണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.