ദുബായ്: ചരിത്രപരമായും, വിനോദ സഞ്ചാര സാധ്യതകളാലും ഏറെ പ്രാധാന്യമുള്ള

പയ്യോളി മുനിസിപ്പാലിറ്റിയിൽ തീരദേശ വിനോദ സഞ്ചാര സാദ്ധ്യതകൾ കണ്ടെത്തി
നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ
പ്രതിനിധികൾ ഹ്രസ്വ സന്ദര്ശനാര്ത്ഥം യു എ ഇ യിലെത്തിയ പയ്യോളി മുനിസിപ്പൽ
ചെയർമാൻ വടക്കയിൽ ഷഫീഖിനെ കണ്ടു നിവേദനം നൽകി.

കേരളത്തിൽ കോഴിക്കോട് ജില്ലയിലെ തീര പ്രദേശത്തോടു ചേർന്നുള്ള പയ്യോളിയിലാണ്
ഇന്ത്യയിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള നാവിക പടത്തലവൻ കുഞ്ഞാലി മരക്കാരുടെ
ഇരിങ്ങൽ-കോട്ടക്കലിലുള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ വടകര,
കൊളാവിപാലം, പയ്യോളി, തിക്കോടി, നന്തി തീരപ്രദേശങ്ങൾ ഈ മേഖലയിലാണ്.

അറബിക്കടലിൽ കേരള തീരത്തു സാഹസിക ബോട്ടു യാത്രക്ക് ഏറ്റവും അനുയോജ്യമായ
പ്രസിദ്ധമായ 'വെള്ളിയാങ്കല്ലി'ലേക്ക് ഏറ്റവും അടുത്തു നിൽക്കുന്ന സ്ഥലം പയ്യോളി ബീച്ചാണ്.
കൊളാവിപ്പാലത്തെ ലോകശ്രദ്ധയാകർഷിച്ചു വരുന്ന 'ആമ വളർത്തുകേന്ദ്രം' ഇതിനു
വിളിപ്പാടകലെയാണുള്ളത്. വടകരയിലെ മിനി ഗോവ എന്നറിയപ്പെടുന്ന 'സാൻഡ് ബാങ്ക്‌സ്',
കണ്ടൽകാടുകൾ, തിക്കോടിയിലെ ഡ്രൈവ് ഇൻ ബീച്, നന്തിയിലെ പുരാതന ലൈറ്റ് ഹൗസ്
എന്നിവയെല്ലാം പയ്യോളിയോട് ചേർന്ന് കിടക്കുന്നു.

കൂടാതെ ഭാരതത്തിന്റെ എക്കാലത്തെയും സ്പ്രിന്റ് റാണിയും, ഇപ്പോഴത്തെ ഇന്ത്യൻ ഒളിമ്പിക്
അസോസിയേഷൻ അധ്യക്ഷയുമായ പി ടി ഉഷയുടെ ജന്മ നാടു കൂടിയാണ് പയ്യോളി.അതുകൊണ്ടു
തന്നെ കായിക ടൂറിസത്തിനും ഇവിടെ ഏറെ പ്രാധാന്യമുണ്ട്. കേന്ദ്ര സംസ്ഥാന സ്‌പോർട്-യുവജന
ക്ഷേമ ഫണ്ടുകൾ കണ്ടെത്തി, ലോകോത്തരമായ ട്രാക്കുകളും, ബീച് വോളി കോർട്ടുകൾ,
കളരി, കരാട്ടെ കേന്ദ്രങ്ങൾ എന്നിവയും സജ്ജീകരിക്കപ്പെടേണ്ടതുണ്ട്.

ഇപ്പോൾ വളരെയേറെ ശ്രദ്ധയാകര്ഷിക്കപ്പെട്ടു വരുന്ന, നിരവധി സന്ദര്ശകരുള്ള 'ഇരിങ്ങൽ
അന്താരാഷ്ട്ര കര കൗശല ഗ്രാമം (ക്രാഫ്റ്റ് വില്ലേജ്) വിനോദ സഞ്ചാരികൾക്കു പയ്യോളിയിലെ
പ്രധാനപ്പെട്ട സന്ദർശന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതും, പയ്യോളിയിലെയും പരിസര
പ്രദേശങ്ങളിലെയും ചരിത്ര-തീരദേശ ടൂറിസം സാധ്യതകളും സാർത്ഥകമാക്കി ബ്രിഹത്തായ
വിനോദസഞ്ചാര പദ്ധതികൾക്ക് എത്രയും വേഗം തുടക്കം കുറിക്കാൻ നിലവിലെ ഭരണസമിതി
ശ്രമിക്കണമെന്ന് നിവേദക സംഘം മുനിസിപ്പൽ ചെയര്മാനോട് ആവശ്യപ്പെട്ടു. പൊതു മേഖലക്ക്
പുറമെ സ്വകാര്യ പങ്കാളിത്തം കൂടി പരിഗണിക്കപ്പെട്ടാൽ, ഈ പദ്ധതികളൊക്കെയും നഗരസഭയുടെ
ഫണ്ടു സമാഹരണത്തിനുള്ള മാർഗം കൂടി ആക്കി മാറ്റാവുന്നതാണ്.

പയ്യോളിയിലെ പൗര പ്രമുഖനും, വ്യവസായിയുമായ എ.കെ.അബ്ദു റഹിമാൻ മുനിസിപ്പൽ ചെയർമാന്
നിവേദനം കൈമാറി. നിവേദനത്തിലെ കാര്യങ്ങൾ കാര്യാ ഗൗരവത്തോടെ പരിഗണിക്കുമെന്ന്
ചെയർമാൻ വടക്കയിൽ ഷഫീഖ് പറഞ്ഞു. കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ സെക്രട്ടറി
അഡ്വ.മുഹമ്മദ് സാജിദ്, ജ്യോതിഷ് കുമാർ, റാഷിദ് കിഴക്കയിൽ, ബി എസ റയീസ് , റഹീസ് ഇരിങ്ങൽ
എന്നിവർ സംബന്ധിച്ചു .