അബുദാബി : രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ സമ്മിറ്റിന് അബൂദാബിയിൽ തുടക്കമായി. കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉത്ഘാടനം ചെയ്തു. പഠനം ജീവിതത്തിന്റെ ഭാഗമാക്കി വിദ്യ പകർന്നു നൽകുന്ന സംസ്‌കാരം വ്യാപകമാകേണ്ടതുണ്ടെന്നും സാമൂഹിക സംരംഭങ്ങളായി യുവാക്കൾ ഈ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെയർമാൻ അബ്ദുറഹ്‌മാൻ സഖാഫി ചെമ്പ്രശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ മാരായമംഗലം അബ്ദുറഹ്‌മാൻ ഫൈസി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ്, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജഅ്ഫർ, അബ്ദുല്ല വടകര, അശ്റഫ് മന്ന സംബന്ധിച്ചു.

12 നാഷനലുകളിൽ നിന്നായി 150 പ്രതിനിധികളാണ് സമ്മിറ്റിൽ സംബന്ധിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലെ സൈബർ കുറ്റകൃത്യങ്ങളും നാർകോട്ടിക്ക് ഉപയോഗങ്ങളും വ്യാപകമാണെന്നും സാമൂഹീകരണ ഉദ്യമങ്ങളിലൂടെ ഇത്തര സാഹചര്യങ്ങൾ മറികടക്കാൻ പ്രവാസി കൂട്ടായ്മകൾ മുന്നോട്ട് വരണമെന്നും സമ്മിറ്റ് പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ സെഷനുകളിൽ പഠനങ്ങളും ചർച്ചകളും നടന്നു. സമ്മിറ്റ് ഇന്നു സമാപിക്കും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം പിബി സലീം ഐ എ എസ് ഉദ്ഘാടനം ചെയ്യും.