- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ ആരോഗ്യ നേതാവായി ഡോ:ഷംഷീർ വയലിൽ
ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള 100 ആരോഗ്യ നേതാക്കളുടെ ഫോബ്സ് റാങ്കിങ്ങിൽ ഒന്നാമത്തെ ഇന്ത്യക്കാരനായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ പട്ടികയിൽ ആദ്യ പത്തിലാണ് ഇടം നേടിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷമാണ് ആദ്യ പത്തിലെത്തുന്ന ഏക ഇന്ത്യക്കാരനെന്ന ഡോ. ഷംഷീറിന്റെ നേട്ടം.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഉൾപ്പെടുത്തിയാണ് ഫോബസ് മിഡിൽ ഈസ്റ്റിന്റെ പട്ടിക. ബിസിനസിന്റെ വലുപ്പം, വരുമാനവും ആസ്തികളും, പ്രവർത്തനങ്ങളുടെ വൈവിധ്യം, അനുഭവസമ്പത്ത്, സ്വാധീനം, നേട്ടങ്ങൾ എന്നിവ വിലയിരുത്തിയാണ് റാങ്കിങ്. മീന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് കഴിഞ്ഞ ഒക്ടോബറിൽ അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ ഡോ. ഷംഷീറിന്റെ ആസ്തി 2.3 ബില്യൺ ഡോളറായി ഉയർന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു.
മിഡിൽ ഈസ്റ്റിൽ 16 ആശുപത്രികളും 23 മെഡിക്കൽ സെന്ററുകളുമാണ് ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ളത്. ഓൺസൈറ്റ് മെഡിക്കൽ സേവന ദാതാവായ ആർപിഎം, പ്രമുഖ ഔഷധ ഉൽപ്പാദന കമ്പനിയായ ലൈഫാർമ എന്നിവയുടെ സ്ഥാപകനും വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനമായ അമാനത് ഹോൾഡിങ്സിന്റെ വൈസ് ചെയർമാനുമാണ് ഡോ. ഷംഷീർ.
റേഡിയോളജിസ്റ്റായി കരിയറിന് തുടക്കമിട്ട ഡോ. ഷംഷീർ ഒന്നരപതിറ്റാണ്ടു കൊണ്ട് മേഖലയിലെ ആരോഗ്യ രംഗത്തുണ്ടാക്കിയ സ്വാധീനത്തിന്റെയും മാറ്റങ്ങളുടെയും കൂടി തെളിവാണ് പട്ടികയിലെ അദ്ദേഹത്തിന്റെ മുൻനിര റാങ്കിങ്. 2007ൽ അബുദാബിയിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ സ്ഥാപിച്ച് ആരോഗ്യസേവന രംഗത്തേക്ക് കടന്നുവന്ന ഡോ. ഷംഷീറിന് നിലവിൽ ഇന്ത്യയിലടക്കം ആരോഗ്യ സ്ഥാപനങ്ങളുണ്ട്.
പ്യുർ ഹെൽത്ത് സഹസ്ഥാപകയും സിഒഒയുമായ ഷായിസ്ത ആസിഫ്, ജോർദാനിലെ ഹിക്മ ഫാർമസ്യൂട്ടിക്കൽസ് എക്സിക്യൂട്ടീവ് ചെയർമാൻ സെയ്ദ് ദർവാസ, ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടർ ഹനാൻ മുഹമ്മദ് അൽ കുവാരി,സൗദി അറേബ്യ ആസ്ഥാനമായ ഡോ. സുലൈമാൻ അൽ ഹബീബ് മെഡിക്കൽ സർവീസസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സുലൈമാൻ അൽ ഹബീബ് തുടങ്ങിയവരാണ് ആദ്യ പത്തിലെ മറ്റു പ്രമുഖർ.
ജി42 ഹെൽത്ത്കെയർ സിഇഒ ആശിഷ് കോശി, തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീൻ, ലൈഫ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ അബ്ദുൾ നാസർ, നസീം ഹെൽത്ത്‌കെയർ എംഡി. മുഹമ്മദ് മിയാൻദാദ് വിപി, സുലേഖ ഹെൽത്ത്‌കെയർ ഗ്രൂപ്പ് കോ-ചെയർപേഴ്‌സൺ സനൂബിയ ഷംസ് എന്നീ ഇന്ത്യക്കാരും പട്ടികയിൽ ഉൾപ്പെടുന്നു.