ദുബായ്: ഹാബിറ്റാറ്റ് സ്‌കൂളിലെ 700ഓളം വിദ്യാർത്ഥികൾ അംഗങ്ങളായി കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച മലയാളം മിഷന്റെ മലയാളം ക്ലബ്ബിന് അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ തുടക്കമായി. സംസ്ഥാന സർക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴിൽ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ അജ്മാൻ ചാപ്റ്ററിന്റെ കീഴിലായിരിക്കും ഇത് പ്രവർത്തിക്കുക. എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പിൽ ആരംഭിച്ച മലയാളം മിഷൻ പദ്ധതി മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

പ്രവാസ ലോകത്തെ പുതിയ മലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വർധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാർഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്സിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്ളബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്ടർ ഷംസു സമാൻ പ്രത്യാശിച്ചു

പത്താം ക്ളാസുവരെയോ ഡിഗ്രി തലത്തിലോ മലയാളഭാഷ പഠിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾക്ക് സംസ്ാന സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രൊബേഷൻ പൂർത്തിയാക്കണമെങ്കിൽ ഭാഷാപരിജ്ഞാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇങ്ങനെയുള്ളവർക്കു വേണ്ടിയാണ് സർക്കാർ നീലക്കുറിഞ്ഞി കോഴ്സ് നടത്താൻ തീരുമാനിച്ചത്. നീലക്കുറിഞ്ഞി കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെട്രിക്കുഷേൻ നിലവാരത്തിലുള്ള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സംസ്ഥാന സർക്കാറിന്റെ സീനിയർ ഹയർ ഡിപ്ളോമാ സർട്ടിഫിക്കറ്റുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിമലയാളം സെന്ററുകൾ ഇക്കാര്യത്തിൽ സഹായകരമാവുമെന്ന സർക്കാറിന്റെ വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷണാർഥം യു.എ.ഇയിലും തമിഴ്‌നാട്ടിലും മലയാളം ക്ളബ്ബുകൾ തുടങ്ങാൻ തീരുമാനിച്ചത്.

 സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഓൺലൈൻ വഴി ഹാബിറ്റാറ്റ് മലയാളം ക്ലബ്ബ് ഉൽഘാടനം നിർവഹിച്ചത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ചടങ്ങിൽ ആധ്യക്ഷം വഹിച്ചു.

ഉൽഘാടന ശേഷം ശ്രീ മുരുകൻ കാട്ടാക്കട ക്ലബ്ബ് അംഗങ്ങൾ ആയ കുട്ടികളുമായി സംവദിക്കുകയും അവരോടൊപ്പം സ്‌കൂൾ ഗ്രീൻ ഹൗസിൽ കുട്ടികൾ തന്നെ നട്ടു വളർത്തിയ തക്കാളി കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തി.