ദുബായ് : പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ റഷ്യ റോം സന്ദർശനത്തിന് പുറപ്പെട്ട മലങ്കര ഓർത്തഡോക്ൾസ് സഭയുടെ ഉന്നത തല സംഘം ദുബായിൽ എത്തി.റഷ്യയിലും റോമിലും പര്യടനം നടത്തുന്ന മലങ്കര ഓർത്തഡോക്ൾസ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നയിക്കുന്ന ഉന്നത തല സംഘം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻകൂടിയായ ഫ്രാൻസിസ് മാർപ്പാപ്പയുമായും നിർണ്ണായക കൂടിക്കാഴ്‌ച്ച നടത്തും. റഷ്യൻ ഓർത്തഡോക്ൾസ് സഭയുടെ നേതൃത്വവും പരിശുദ്ധ കാതോലിക്ക ബാവക്കും സംഘത്തിനും വിരുന്നൊരുക്കുന്നുണ്ട്.

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ചുമതല ഏറ്റത് മുതൽ സഹോദര ക്രൈസ്തവ സഭകളുമായി നിരവധി ചർച്ചകളും പല കാര്യങ്ങളിലും ഒരുമിച്ച് നീങ്ങുവാനുള്ള നടപടികളും നടക്കുന്നുണ്ട്. സഹോദര ക്രൈസ്തവസഭകളുമായി മികച്ച ബന്ധം കേരളത്തിൽ സൂക്ഷിക്കുന്ന ഓർത്തഡോക്ൾസ് സഭയുടെ പരമാധ്യക്ഷൻ മാർപാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചകളും ചർച്ചകളും ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ നോക്കി കാണുന്നത്

ഇതിനിടെ യാത്രാ മദ്ധ്യേ ദുബായിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയേയും , പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, അഭി. യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പൊലീത്ത, ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. ഗീവർഗീസ് ജോൺസൺ എന്നിവരെയും ദുബായ് എയർപോർട്ടിൽ സ്വീകരിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി ഞായറാഴ്ച ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാനയ്ക്ക് പ്രധാന കാർമ്മികത്വം വഹിച്ചു