ദുബായ്: വിമാന യാത്രക്കൂലിയില്‍ ക്രമാതീതമായി നടന്നു വരുന്ന ഭീമമായ വര്‍ധനവ് ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍
ഷാഫി പറമ്പില്‍ എം പി നടത്തിയ ഇടപെടലിനെ പ്രകീര്‍ത്തിച്ചു പ്രവാസികള്‍.

പ്രവാസികള്‍, വിശേഷിച്ചും ഗള്‍ഫ് മേഖലകളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ അനിയന്ത്രിതമായ വിമാന യാത്രാകൂലിയില്‍
മനം നൊന്തു യാത്രകള്‍ പോലും മാറ്റിവെക്കുന്ന അവസരത്തിലാണ് ഭരണ സിരാ കേന്ദ്രത്തില്‍ പുതുമുഖമായെത്തിയ
ഷാഫി പറമ്പില്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നത്. ആദ്യ ദിവസം, വിമാനക്കമ്പനികള്‍ തുടര്‍ന്ന് വരുന്ന ഈ പ്രശ്‌നം പ്രവാസികള്‍
അനാഥരല്ലെന്ന മുഖവുരയോടെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന അദ്ദേഹം പുതിയ സര്‍ക്കാരില്‍ വ്യോമയാന വകുപ് മന്ത്രിയായ
കിഞ്ചരപ്പു റാം മോഹന്‍ നായിഡുവിനെ കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുകയും ഇടപെടാമെന്ന ഉറപ്പു നേടുകയും ചെയ്തു.

തുടര്‍ച്ചയായി രണ്ടാം ദിവസവും ഇതേ വിഷയം തന്നെ ചര്‍ച്ചക്കെടുത്ത ഷാഫി സീസണിലെയും, ഓഫ് സീസണിലെയും
യാത്രനിരക്കിലെ വലിയ അന്തരവും,വൈരുധ്യവും അക്കമിട്ടു നിരത്തി സാധാരണ പ്രവാസികള്‍ നേരിടുന്ന ഗൗരവതരമായ
വിഷയം വകുപ്പ് മന്ത്രിയെയും സ്പീക്കറെയും അടക്കം സഭാംഗങ്ങളെ ഒന്നടങ്കം ബോധ്യപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന്
പ്രശ്‌നത്തില്‍ ഇടപെട്ട സ്പീക്കര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി പത്യേക പരിഗണന വിഷയത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
മന്ത്രി വിഷയത്തില്‍ വിമാനക്കമ്പനികളുടെയും ബന്ധപെട്ടവരുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയുമാണ്.

ക്രമാതീതമായ യാത്രക്കൂലി കാരണം തുച്ഛ വരുമാനക്കാരായ പ്രവാസികളും, കുടുംബങ്ങളും രണ്ടും മൂന്നും വര്‍ഷത്തേക്ക്
അനിശ്ചിതമായി യാത്ര നീട്ടിവെക്കുകയാണ്. സ്‌കൂള്‍ അവധി ആയിട്ടുപോലും, മൂന്നോ നാലോ അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബത്തിന്
വര്‍ഷത്തെ ശമ്പളം മുഴുവന്‍ ചിലവഴിച്ചാലും യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. ബന്ധുക്കളുടെ മരണ വാര്‍ത്തയറിഞ്ഞും,
രോഗികളെ സന്ദര്‍ശിക്കാനും, കല്യാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നവര്‍ തന്നെ വളരെ ഭീമമായ സംഖ്യ ചെലവഴിച്ചാണ്
യാത്ര ചെയ്യുന്നത്.

പ്രവാസികള്‍ കാലാകാലങ്ങളായി തുടര്‍ന്ന് വരുന്ന പ്രശ്‌നം ഉന്നത കേന്ദ്രങ്ങളില്‍ കൃത്യമായി ബോധ്യപ്പെടുത്തി പ്രവാസികള്‍ക്ക് വേണ്ടി
തുടക്കത്തില്‍ തന്നെ ഇടപെടലുകള്‍ നടത്തിയ ഷാഫി പറമ്പില്‍ എം പി യെ മലബാര്‍ പ്രവാസി യു എ ഇ യോഗം അഭിനന്ദിച്ചു.
പ്രവാസികള്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന വിഷയത്തില്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും, പ്രശ്‌നത്തില്‍
ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും, എം പി യോട് യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ മലബാര്‍ പ്രവാസി (യു എ ഇ) പ്രസിഡണ്ട് ജമീല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. സിക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ്,
മോഹന്‍ വെങ്കിട്ട്, മുഹമ്മദ് അലി, ഹാരിസ് കോസ്‌മോസ്, മുരളി കൃഷ്ണന്‍, അഡ്വ.അസീസ് തോലേരി, അഷ്റഫ് ടി പി, ചന്ദ്രന്‍ പി എം,
ഫിറോസ് പയ്യോളി എന്നിവര്‍ സംസാരിച്ചു.