ടോക്യോ: ഓരോ ഒളിമ്പിക്‌സും അങ്ങനെയാണ്. അപൂർവ പ്രതിഭകൾ വന്ന് നിറക്കാഴ്ചകൾ നൽകി മെഡലുകൾ വാരിക്കൂട്ടി അങ്ങ് മടങ്ങും. അവരുടെ പേരിലാകും ചരിത്രം ആ ഒളിമ്പിക്‌സിനെ രേഖപ്പെടുത്തുക. ഇത്തവണ സമാനമായ ഒരു നേട്ടത്തിലാണ് ഓസ്ട്രേലിയൻ നീന്തൽ താരം എമ്മ മെക്കിയൺ.

ടോക്യോ ഒളിംപിക്സിൽ പുതിയ ചരിത്രമാണ് എമ്മ കുറിച്ചിരിക്കുന്നത്. ഒരൊറ്റ ഒളിംപിക്സിൽ നിന്ന് ഏഴ് മെഡലുകൾ നേടിയ ആദ്യ വനിതാ നീന്തൽ താരമെന്ന വലിയ നേട്ടം. കാലം ഇനി എമ്മയെ രേഖപ്പെടുത്തുന്നതും ഈ നേട്ടത്തിന്റെ പേരിലാകും. നാല് സ്വർണവും മൂന്ന് വെങ്കലവുമാണ് നീന്തി നേടിയത്. ഞായറാഴ്ച 50 മീറ്റർ ഫ്രീസ്റ്റൈൽ, 4-100 മീറ്റർ മെഡ്ലെ റിലേയിലേയും വിജയമാണ് എമ്മയെ ഈ ചരിത്രനേട്ടത്തിന് അർഹയാക്കിയത്.

എമ്മ മക്കോൺ ടോക്യോയിലെ വേഗമേറിയ വനിതാ നീന്തൽ താരമായും മാറിയിരുന്നു. 50 മീറ്റർ ഫ്രീസ്റ്റൽ നീന്തലിൽ ഒളിംപിക് റെക്കോർഡോടെയാണ് എമ്മ ഒന്നാം സ്ഥാനത്തെത്തിയത്. ടോക്യോയിലെ മൂന്നാം സ്വർണവും ആറാമത്തെ മെഡലുമായിരുന്നു അത്.

50 മീറ്റർ സെമിയിൽ എമ്മ ഒളിംപിക് റെക്കോർഡും തിരുത്തിക്കുറിച്ചു. വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ, 4-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, എന്നിവയിലും താരം സ്വർണം നേടിയിരുന്നു. 4-100 മീറ്റർ മെഡ്ലെ റിലേ, 100 മീറ്റർ ബട്ടർഫ്ലൈ, വനിതകളുടെ 4-200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ വെങ്കലവും നേടി.

റിയോയിലേതുൾപ്പെടെ ആകെ ഒമ്പത് ഒളിംപിക് മെഡലുകളാണ് എമ്മ നേടിയിട്ടുള്ളത്. എമ്മയ്ക്ക് ഇപ്പോഴും ഈ മെഡൽനേട്ടം വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് തന്റെ അധ്വാനത്തിന്റെ ഫലമാണെന്നും എമ്മ പറയുന്നു. 1952 ലെ ഹെൽസിങ്കി ഗെയിംസിൽ സോവിയറ്റ് ജിംനാസ്റ്റ് താരം മരിയയാണ് നേരത്തെ ഒരേ ഒളിംപിക്സിൽ ഏഴു മെഡലുകൾ നേടിയിട്ടുള്ള ആദ്യതാരം.

അമേരിക്കയുടെ കെയ്ലബ് ഡ്രെസ്സലാണ് ടോക്കിയോ ഒളിംപിക്സിലെ വേഗമേറിയ പുരുഷ നീന്തൽ താരം. 50 മീറ്റർ ഫ്രീസ്റ്റൽ നീന്തലിൽ ഡ്രെസ്സൽ ഒന്നാം സ്ഥാനത്തെത്തി. ടോക്കിയോയിൽ ഡ്രെസ്സലിന്റെ നാലാം സ്വർണമായിരുന്നു അത്. 100 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ, 4ഃ100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നീ ഇനങ്ങളിലും സ്വർണം നേടിയിരുന്നു. 50, 100 ഫ്രീസറ്റൈലിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരമാണ് ഡ്രെസ്സൽ.