പ്രസവത്തിനുശേഷം ശരീരത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടുവെന്ന് നിരാശപ്പെടുന്നവരേറെയാണ്. ശരീരഭാരം കൂടുന്നതും വയർ കൂടുന്നതുമൊക്കെയാണ് പലരുടെയും വേവലാതികൾ. എന്നാൽ ഇത്തരക്കാർക്ക് ആത്മവിശ്വാസം പകരാൻ എമ്മി വാളർ കണ്ടെത്തിയ മാർഗം വ്യത്യസ്തമായി. പൂർണനഗ്നയായി ബാത്ത്ടബ്ബിൽ കിടന്ന് കുഞ്ഞിന് മുലകൊടുക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് എമ്മി പ്രസവാനന്തര ശരീരത്തെ ലോകത്തിന് കാട്ടിക്കൊടുത്തത്.

12 ആഴ്ച പ്രായമുള്ള ആലിസിനെ മുലയൂട്ടുന്ന ചിത്രമാണ് എമ്മി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രസവത്തെത്തുടർന്ന് വയറിന്മേലുണ്ടായ സ്‌ട്രെച്ച് മാർക്കുകളൊന്നും മറയ്ക്കാതെയാണ് എമ്മി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ശരീരത്തിന്റെ ആകൃതിയോ അതിനുണ്ടായ മാറ്റങ്ങളോ അല്ല, മാതൃത്വമെന്ന അതിവിശിഷ്ടമായ അവസ്ഥയാണ് ആസ്വദിക്കേണ്ടതെന്ന് എമ്മി ഈ ചിത്രത്തിലൂടെ മറ്റുള്ള സ്ത്രീകളോട് പറയുന്നു.

ഗർഭം ധരിച്ചതോടെ ശരീരത്തിലുണ്ടായ മാറ്റങ്ങളെല്ലാം ചിത്രത്തിൽ പ്രകടമാണെന്ന് എമ്മി പറയുന്നു. അമിത വണ്ണവും കുടവയറുമൊക്കെയുണ്ടായി. പ്രസവത്തിനുശേഷം സ്‌ട്രെച്ച്മാർക്കുകളും. എന്നാൽ, ഈ ചിത്രം കണ്ടവരൊക്കെ തന്നെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ലീഡ്‌സിൽനിന്നുള്ള ഈ 26-കാരി പറയുന്നു. ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിച്ചതെന്നും അവർ പറഞ്ഞു.

ഭർത്താവ് നിക്ക് എൽഗറാണ് എമ്മിയുടെ ആഗ്രഹമനുസരിച്ച് ചിത്രമെടുത്തത്. സ്ത്രീയുടെ ശരീരം കരുത്തുറ്റതാണെന്ന് ഈ ചിത്രത്തിലൂടെ തനിക്ക് തെളിയിക്കാനായെന്ന് അവർ പറഞ്ഞു. മൈക്രോബയോളജിസ്റ്റായി ജോലി ചെയ്യുന്ന എമ്മി, മുലയൂട്ടലിലൂടെ അമ്മയും കുഞ്ഞും എത്രത്തോളം അടുക്കുന്നുവെന്ന് തെളിയിക്കാനും ഈ ചിത്രം വഴിയൊരുക്കുമെന്ന് കരുതുന്നു.

മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കാൻകൂടിയാണ് എമ്മി ഇങ്ങനെയൊരു ചിത്രമെടുത്തത്. പ്രസവസമയത്ത് എമ്മിക്ക് മഞ്ഞപ്പിത്തമുണ്ടായിരുന്നു. കുഞ്ഞ് ജനിച്ചതും മഞ്ഞപ്പിത്തതോടെയാണ്. തുടക്കത്തിൽ മുലയൂട്ടാൻ കഴിയാതിരുന്നതിന്റെ പ്രയാസവും എമ്മിയെ വേദനിപ്പിച്ചു. എന്നാൽ, മുലയൂട്ടാൻ തുടങ്ങിയതോടെ താനും ആലീസും വളരെയേറെ അടുത്തുവെന്നും എമ്മി പറയുന്നു.