മനാമ: വീട്ടുജോലിക്കെന്നു പറഞ്ഞ് ബഹ്‌റിനിലെത്തിച്ച മലയാളി യുവതിക്ക് ഏൽക്കേണ്ടി വന്നത് ലൈംഗിക പീഡനമെന്ന് പരാതി. യുവതിയുടെ പരാതി ലഭിച്ചതോടെ നിയമനടപടികൾക്കൊരുങ്ങി സാമൂഹിക പ്രവർത്തകർ രംഗത്തെത്തി. കാൻസർ ബാധിതയായ അമ്മയെ കാണാൻ നാട്ടിലേക്ക് പോകാൻ സാധിക്കാതെ വരികയും യാത്രാവിലക്ക് നേരിടുകയും ചെയ്ത സാഹചര്യത്തിൽ യുവതി തന്നെ തന്റെ ദുരിത കഥ വിവരിക്കുന്ന ഓഡിയോ ക്ലിപ്പുമായി രംഗത്തെത്തുകയായിരുന്നു.

ഓഡിയോ ക്ലിപ്പ് യുവതി തന്നെ സാമൂഹിക പ്രവർത്തകർക്ക് അയച്ചു കൊടുക്കുകയായിരുന്നു ഓഡിയോ ക്ലിപ്പ് ലഭിച്ചതോടെ ഇത് വിവിധ പ്രവാസി ഗ്രൂപ്പുകളിൽ ചർച്ചയാകുകയും സാമൂഹിക പ്രവർത്തകർ ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ നിയമനടപടികൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു.

വിധവയായ യുവതിയെ വീട്ടുജോലിക്കെന്നു പറഞ്ഞാണ് മലയാളി കുടുംബം ബഹ്‌റിനിൽ എത്തിക്കുന്നത്. നാലു വയസു പ്രായമുള്ള മകളുള്ള യുുവതിയുടെ പക്കൽ നിന്ന് വിസയുടെ പണം വാങ്ങാതെയാണ് കുടുംബം ഇവരെ വിദേശത്തു കൊണ്ടുവന്നത്. ബഹ്‌റിനിൽ എത്തിയ ശേഷം മാത്രം പണം തന്നാൽ മതിയെന്ന നിലപാടായിരുന്നു ഇവർക്കെന്ന് യുവതി വെളിപ്പെടുത്തുന്നു. എന്നാൽ ഇവിടെയെത്തിയ ശേഷം യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നത്രേ.

ഇവിടെ നിന്നു രക്ഷപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിൽ ജോലി നേടി. എന്നാൽ ഇവിടേയ്ക്ക് വിസ മാറ്റാൻ ശ്രമിച്ചപ്പോൾ വീട്ടുടമ ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്കൊപ്പം ജീവിക്കാനാണ് കൊണ്ടുവന്നതെന്നും വഴങ്ങിയില്ലെങ്കിൽ ലൈംഗികമായി പീഡിപ്പിച്ചതിന്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

വിസയ്ക്കുള്ള പണത്തിന്റെ ഉറപ്പിനായി തന്റെ പക്കൽ നിന്നും വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നും പല തവണയായി വിസയുടെ പണമെന്ന പേരിൽ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. കാൻസർ ബാധിതയായ അമ്മയ്ക്ക് അസുഖം കൂടുതലായതിനെ തുടർന്ന് നാട്ടിൽ പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രാ നിരോധനം ഉണ്ടെന്ന് മനസിലായത്. ടിക്കറ്റിന്റെ പണവും നഷ്ടമായ യുവതി നിരാശയായി മടങ്ങുകയായിരുന്നു. യാത്രാ വിലക്ക് വന്നതോടെ ഇവർ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.