അബുദാബി: യുഎഇയിൽ തൊഴിലാളികളുടെ ശമ്പളം പത്ത് ദിവസത്തിനുള്ളിൽ ഉറപ്പു വരുത്തുന്ന നിയമം നിലവിൽ വരുന്നു. ഈ വർഷം ഒക്ടോബറിൽ നിയമം പ്രബാല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണം മന്ത്രി സഖർ ബിൻ ഗൊബാഷ് സയീദ് ഗൊബാഷ് പറഞ്ഞു. നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്കാണ് നിയമം ബാധകമാകുക.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം ഉറപ്പുവരുത്തുന്നതിനായാണ് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിയമപ്രകാരം തൊഴിലാളികളുടെ ശമ്പളം പത്ത് ദിവസത്തിൽ കൂടുതൽ വൈകാൻ പാടില്ല.ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പതിനാറ് ദിവസത്തിന് ശേഷം വർക്ക്പെർമിറ്റുകൾ ലഭിക്കില്ല. ശമ്പളം ഒരുമാസം വൈകിയാൽ സ്ഥാപനത്തിന് എതിരെ നടപടിക്ക് നിയമകാര്യവകുപ്പിനോട് ശുപാർശചെയ്യും.നിയമലംഘനം നടത്തുന്ന തൊഴിലുടമയുടെ മറ്റ് സ്ഥാപനങ്ങളുടെ പ്രവർത്തനവും തടയും.

ശമ്പളം വീണ്ടും വൈകിയാൽ കമ്പനിയുടെ ബാങ്ക് ഗ്യാരന്റി പിടിച്ചെടുക്കുകയും തരം താഴ്‌ത്തുകയും ചെയ്യും. തൊഴിലാളികളെ മറ്റ് കമ്പനികളിൽ ചേരാനും അനുവദിക്കും.രണ്ട് മാസത്തിലധികം ശമ്പളം വൈകിയാൽ സ്ഥാപനത്തിന് മേൽ പിഴ ചുമത്തും. അയ്യായിരം മുതൽ അൻപതിനായിരം ദിർഹം വരെയാണ് പിഴ ചുമത്തുക. കൂടാതെ രണ്ട് മാസത്തെ വിലക്കും ഏർപ്പെടുത്തും. നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ രണ്ട് മാസം ശമ്പളം വൈകിപ്പിച്ചാൽ വർക്ക് പെർമിറ്റ് വിലക്കും പിഴയും ശിക്ഷ നല്കുമെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണം മന്ത്രാലയം വ്യക്തമാക്കി.