- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് ഇഡിഎൽഐ സുരക്ഷ; ജീവനക്കാരൻ പ്രീമിയം അടയ്ക്കണ്ട; നഷ്ടപരിഹാരതുക ഏഴ് ലക്ഷം വരെ ഉയർത്തി; ജോലി ചെയ്യുന്ന കാലയളവിൽ മരണപ്പെട്ടാൽ കുടുംബം ഇനി അനാഥമാകില്ല
കോവിഡ് കാലത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്ന ജീവനക്കാരുടെ കുടുംബത്തിന് ആശ്വാസമാകുന്ന പദ്ധതിയാണ് എംപ്ലോയ്സ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടപ്പിലാക്കിയിരിക്കുന്ന എംപ്ലോയ്സ് ഡെപോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് (ഇഡിഎൽഐ).
ഇഡിഎൽഐയിൽ നിന്നും ജീവനക്കാർക്ക് ലഭിക്കുന്ന പരമാവധി നേട്ടം ആറ് ലക്ഷത്തിൽ നിന്നും ഏഴ് ലക്ഷമായി എംപ്ലോയ്സ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കഴിഞ്ഞമാസം വർദ്ധിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഈ വർദ്ധനവ് നടപ്പിലാക്കിയിട്ടുള്ളത്.
ഈ സ്കീമിന് കീഴിൽ ഇൻഷുറൻസ് എടുക്കുന്ന ഒരാൾക്ക് അയാൾ ജോലി ചെയ്യുന്ന കാലയളവിൽ കോവിഡ് മൂലമോ അല്ലാതെയോ മരണപ്പെട്ടാൽ നോമിനിക്ക് ഇൻഷുറൻസ് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ നഷ്ടപരിഹാര തുക 2.5 ലക്ഷമാണ്. 1.75 ലക്ഷം ബോണസായും ലഭിക്കും.
പ്രധാന പ്രത്യേകതകൾ
ഒരു സ്ഥാപനം എപ്പോഴാണോ ഇപിഎഫ് സ്കീമിൽ ഉൾപ്പെടുന്നത് അപ്പോൾ തന്നെ ഇഡിഎൽഐ സ്കീമിന്റെയും ഭാഗമാകുന്നു. ഇൻഷുറൻസ് ക്ലയിം ലഭിക്കണമെങ്കിൽ ഇൻഷുറൻസ് എടുക്കുന്നയാൾ മരിക്കുന്നതിന് മുമ്പ് 12 മാസമെങ്കിലും തുടർച്ചയായി ജോലി ചെയ്തിരിക്കണം. 12 മാസത്തിനിടെയിൽ സ്ഥാപനം മാറുകയാണെങ്കിലും ഇൻഷുറൻസിന്റെ ഗുണഫലം ലഭിക്കും. ഇയാൾ മരണപ്പെട്ടാൽ നോമിനിക്ക് ഏഴ് ലക്ഷം വരെ ലഭിക്കാൻ അർഹതയുണ്ട്. ഏറ്റവും പ്രധാനപ്പെട്ടകാര്യം ഈ ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കാൻ പ്രീമിയം അടയ്ക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ്. ഇൻഷുറൻസ് വരിക്കാർക്ക് വേണ്ടി തൊഴിലുടമ ശമ്പളത്തിന്റെ 0.5% നൽകുന്നതായിരിക്കും.
നഷ്ടപരിഹാരം എത്രമാത്രം?
നോമിനിക്ക് ലഭിക്കുന്ന ഇൻഷുറൻസ് നഷ്ടപരിഹാരം കണക്കാക്കുന്നത് അയാളുടെ കഴിഞ്ഞ 12 മാസത്തെ അടിസ്ഥാനശമ്പളത്തെ അടിസ്ഥാനമാക്കിയാണ്.
ഇൻഷുറൻസ് തുക = 35 x ശരാശരി അടിസ്ഥാന ശമ്പളം + ബോണസ് (മരിച്ചയാളുടെ ഇപിഎഫ് ആക്കൗണ്ടിലെ ശരാശരി ബാലൻസ് തുകയുടെ 50% അഥവാ പരമാവധി 1.75 ലക്ഷം രൂപ)
ഇവിടെ ശമ്പളം അടിസ്ഥാന ശമ്പളവും ഡിഎയും ചേരുന്നതാണ്.
ഉദാഹരണത്തിന് ഒരു ജീവനക്കാരൻ മരണപ്പെടുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളം + ഡിഎ = 12000 എന്ന് കരുതുക. ഇവിടെ ഇൻഷുറൻസ് നഷ്ടപരിഹാരം (35 x 12000) + 175000 = 5.95 ലക്ഷം രൂപ ആയിരിക്കും.
ഇൻഷുറൻസ് ക്ലയിം ലഭിക്കാൻ വേണ്ട പരമാവധി അടിസ്ഥാനശമ്പളം 15000 രൂപയാണ്. 15000 രൂപ ലഭിക്കുന്ന ഒരാൾക്ക് പരമാവധി ലഭിക്കുന്ന ഇൻഷുറൻസ് നഷ്ടപരിഹാരമാണ് ഏഴ് ലക്ഷം.
നോമിനിക്ക് എങ്ങനെ ആനുകൂല്യം ആവശ്യപ്പെടാം?
ഇൻഷുറൻസ് എടുത്തയാൾ മരണപ്പെട്ടാൽ നോമിനിയ്ക്കോ അല്ലെങ്കിൽ അയാളുടെ നിയമപരമായ പിന്തുടർച്ചാവകാശിയ്ക്കോ ഇപിഎഫ് അപേക്ഷ പൂരിപ്പിച്ച് സ്ഥാപനഉടമയുടെ ഒപ്പോടുകൂടി ഇപിഎഫ്ഒ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. സ്ഥാപനഉടമയുടെ ഒപ്പ് ലഭിക്കാത്തപക്ഷം ഏതെങ്കിലും ഗസറ്റഡ് ഓഫീസറുടെ ഒപ്പ് മതിയാകും.
അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ അനുബന്ധ രേഖകൾക്കൊപ്പം പ്രാദേശിക ഇപിഎഫ് കമ്മീഷണറുടെ കാര്യാലയത്തിൽ സമർപ്പിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ തന്നെ നഷ്ടപരിഹാരം നോമിനിക്ക് ലഭ്യമാകും, ഏതെങ്കിലും കാരണത്താൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്നപക്ഷം ഇൻഷുറൻസ് തുക ലഭിക്കുന്നത് വരെ അപേക്ഷകന് 12% വാർഷികപലിശയും ലഭിക്കും.
നികുതി വ്യവസ്ഥകൾ
ഇഡിഎൽഐ ഇൻഷുറൻസ് സ്കീമിന് കീഴിൽ നോമിനിക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക നികുതിവിധേയമല്ല. തൊഴിലുടമ അടയ്ക്കുന്ന പ്രീമിയം ബിസിനസ് എക്സ്പെൻഡേച്ചർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതുമാണ്.