ബെർലിൻ: ജോലി സ്ഥലത്തെ അമിതഭാരം ജീവനക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ബെർട്ടിൽസ്മാൻ ഫൗണ്ടേഷനും ഹെൽത്ത് ഇൻഷ്വറർ ബാർമെർ ജിഇകെയും നടത്തിയ പഠനത്തിലാണ് തൊഴിൽ സ്ഥലത്തെ അമിതഭാരം ജീവനക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത ആയിരത്തിലധികം ജീവനക്കാരിൽ 42 ശതമാനത്തിലധികം പേരും അഭിപ്രായപ്പെട്ടത്, ജോലി സ്ഥലത്ത് അമിതഭാരം താങ്ങേണ്ടി വരുന്നുണ്ടെന്നാണ്.

തങ്ങൾക്കു നൽകിയിരിക്കുന്ന മുഴുവൻ ജോലി എങ്ങനെ പൂർത്തിയാക്കണമെന്ന് അറിയാത്തവരാണ് മൂന്നിലൊന്നു പേരും. തങ്ങളുടെ കഴിവിനെക്കാൾ കൂടുതലാണ് തങ്ങൾക്കു നൽകപ്പെടുന്ന തൊഴിൽ ഭാരമെന്നാണ് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നത്. ജീവനക്കാരുടെ കഴിവിനെക്കാൾ കൂടുതലായി ഭാരം നൽകുന്നത് മാറ്റി ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ബെർട്ടിൽസ്മാൻ ഫൗണ്ടേഷൻ ബോർഡ് മെമ്പർ ബ്രിജിറ്റ് മൻ അഭിപ്രായപ്പെടുന്നു.

തൊഴിലുടമ തങ്ങളെ ഏൽപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ പകുതിയോളം തൊഴിലാലികൾക്ക് സംശയമാണ്. തങ്ങളുടെ ജോലി പൂർത്തീകരണത്തെക്കുറിച്ച് ബോസുമായി  സംഭാഷണങ്ങൾ നടത്തുന്നത് തൊഴിലാളികൾക്ക് ലക്ഷ്യപ്രാപ്തിക്ക് ഉതകുന്ന കാര്യമാണെന്നാണ് സർവേ വെളിപ്പെടുത്തുന്നത്. തൊഴിലാളികളുടെ മേൽ അമിതസമ്മർദം ചൊലുത്തുന്നത് അവരെ അപകടകരമായ ശീലങ്ങളിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പുകവലി ശീലം, മാനസിക പിരിമുറുക്കം തടയാനുള്ള മരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗം ജീവനക്കാരിൽ വർധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

തങ്ങളുടെ പ്രവർത്തി സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ പറ്റുന്ന ജോലികൾ മാത്രം ജീവനക്കാർക്കു നൽകണമെന്നാണ് ബാർമെർ ജിഇകെ ചെയർമാൻ ക്രിസ്‌റ്റോ സ്‌ട്രോബ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നത്.