ദുബായ്: രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിച്ചത് 0.12 % കമ്പനികൾ മാത്രമാണെന്നു തൊഴിൽ മന്ത്രാലയം. നിയമം പാലിക്കുന്നതിൽ ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നീ എമിറേറ്റുകൾ നൂറ് ശതമാനവും വിജയിച്ചെന്നാണു പരിശോധനകളിൽ നിന്നു വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു. ജൂൺ പകുതി മുതൽ ഈ മാസം ഒൻപതുവരെയുള്ള കാലയളവിൽ 44,779 സ്ഥാപനങ്ങളിൽ 56 എണ്ണം മാത്രമാണു നിയമം ലംഘിച്ചത്.

അടുത്ത മാസം 15 വരെയാണു നിയമം നിലവിലുള്ളത്. കഠിന ചൂടിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്കു പന്ത്രണ്ടര മുതൽ മൂന്നുവരെ ഇളവ് നൽകുന്നതു നിർബന്ധമാക്കുന്നതാണ് ഉച്ചവിശ്രമ നിയമം. പത്തുവർഷം മുൻപ് പ്രാബല്യത്തിലാക്കിയ നിയമം പാലിക്കപ്പെടുന്നതിൽ ഓരോ വർഷവും വൻ വർധനയുണ്ടായിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അണ്ടർസെക്രട്ടറി മുബാറക് സയീദ് അൽ ധാഹേരി അറിയിച്ചു. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 15,000 ദിർഹമാണു പിഴ ചുമത്തിയിരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.