ദോഹ: രാജ്യം വിട്ട് പോകുന്ന പ്രവാസികൾ ഇക്കാര്യം തൊഴിലുടമയെ മുൻകൂട്ടി അറിയിച്ചിരിക്കണമെന്ന് പുതിയ നിയമം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ കുടിയേറ്റ നിയമത്തിലെ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അവധിക്കോ അത്യാവശ്യഘട്ടങ്ങളിലോ നാട്ടിലേക്ക് യാത്രയാകുന്ന പ്രവാസി തൊഴിലാളികൾ അക്കാര്യം എംപ്ലോയറെ അറിയിച്ചിരിക്കണം.

വർക്ക് വിസയിൽ വന്നിട്ടുള്ള പ്രവാസികൾ വെക്കേഷനോ അടിയന്തിര ഘട്ടങ്ങളിലോ മറ്റേതെങ്കിലും കാരണത്താലോ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ ജോബ് കോൺട്രാക്ട് അനുസരിച്ച് അക്കാര്യം എംപ്ലോയറെ അറിയിച്ചിരിക്കണം. ഇവരുടെ യാത്രയ്ക്ക് ഏതെങ്കിലും കാരണത്താൽ എംപ്ലോയർ വിലക്ക് കൽപ്പിക്കുകയാണെങ്കിൽ ഇക്കാര്യം പരാതിപരിഹാര കമ്മിറ്റിയെ ബോധിപ്പിക്കാമെന്നും കമ്മിറ്റി മൂന്നു ദിവസത്തിനുള്ളിൽ ഇതിനു പരിഹാരം കണ്ടെത്തുമെന്നും ഭേദഗതിയിൽ പറയുന്നുണ്ട്.

പ്രവാസി യാത്രയാകും മുമ്പ് മൂന്നു ദിവസം മുമ്പെങ്കിലും തൊഴിലുടമയെ ഇക്കാര്യം അറിയിക്കണണെന്നാണ് 2015ലെ നമ്പർ 21 നിയമത്തിലെ ആർട്ടിക്കിൾ ഏഴു വ്യക്തമാക്കുന്നത്. ചില പ്രത്യേക കേസുകളിൽ എംപ്ലോയറുടെ അനുമതി ലഭിച്ച ശേഷം ഉടൻ തന്നെ പ്രവാസിക്ക് നാട്ടിലേക്ക് തിരിക്കാവുന്നതാണ്.

കരാർ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ജോലി അവസാനിപ്പിച്ചു സ്ഥിരമായി നാട്ടിലേക്കു മടങ്ങുന്നതിനുള്ള അവകാശവും 2017ലെ ഒന്നാം നമ്പർ നിയമം തൊഴിലാളിക്കു നൽകുന്നുണ്ട്. എന്നാൽ തൊഴിൽ കരാറിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമായിരിക്കും. ഇങ്ങനെ ജോലി അവസാനിപ്പിച്ചു മടങ്ങുന്നതിനും തൊഴിലുടമയെ വിവരം അറിയിച്ചാൽ മാത്രം മതിയാകും.