റിയാദ്: തൊഴിലാളിയുടെ സമ്മതം കൂടാതെ പാസ്‌പോർട്ട് പിടിച്ചുവയ്ക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ലെന്ന് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവല്പമെന്റ് വക്താവ് ഖാലിദ് അബാ അൽ ഖെയ്ൽ വ്യക്തമാക്കി.. എംപ്ലോയർ തന്റെ പാസ്‌പോർട്ട് സൂക്ഷിക്കാൻ തൊഴിലാളി ആഗ്രഹിക്കുന്ന പക്ഷം, ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മിലുള്ള കരാർ അറബിയിലും തൊഴിലാളിയുടെ മാതൃഭാഷയിലും തയാറാക്കി വയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

അല്ലാത്ത രീതിയിൽ പാസ്‌പോർട്ട് സൂക്ഷിക്കൽ നിയമവിരുദ്ധമാണ്. 2000 റിയാൽ വരെ ഇതിനു തൊഴിൽ വ്യവസ്ഥ ശിക്ഷ കണക്കാക്കിയിട്ടുണ്ടെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു. പിഴ ഒഴിവാക്കുന്നതിന് തൊഴിലാളിയുടെ സമ്മതം ഉണ്ടെങ്കിൽ മാത്രം അവരുടെ പാസ്‌പോർട്ട് സൂക്ഷിക്കാൻ മുതിരാവൂ എന്നാണ് തൊഴിലുടമകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. തൊഴിലാളിയുടെ അനുമതി കൂടാതെ പാസ്‌പോർട്ട് സൂക്ഷിക്കുന്നതിന് ഒരാളുടേത് എന്ന കണക്കിലാണ് 2000 റിയാൽ. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓരോ തൊഴിലാളിക്കും എന്ന കണക്കിന് വർധിച്ച പിഴ ഈടാക്കും.

ലേബർ നിയമങ്ങൾ അനുശാസിക്കാത്തവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. തൊഴിൽ മേഖല വ്യവസ്ഥാപിതമാക്കാനുള്ള ശ്രമങ്ങളാണ് മന്ത്രാലയം നടത്തിവരുന്നത്. നിയമ ലംഘനങ്ങൾ കണ്ടാൽ 19911കസ്റ്റമർ സർവീസ് നമ്പറിൽ അറിയിച്ചാൽ ഉടനെ നടപടിയുണ്ടാകും. തൊഴിൽ സംബന്ധമായ വ്യവസ്ഥകൾ അറിയാൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് www.mosa.gov.sa സന്ദർശിക്കാം.