വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഏകീകൃത തൊഴിൽ കരാർ ഡിസംബർ മുതൽ പ്രാബല്യത്തിലെത്തുമെന്ന് സൂചന. വീട്ടു ജോലിക്കാരുടെയും തൊഴിലുടമകളുടെയും നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുക, തൊഴിൽ സമയവും വാരാന്ത്യ അവധിയും സംബന്ധിച്ച തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ ഏകീകൃത തൊഴിൽ കരാറെന്നാണ് സൂചന. വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി സർക്കാർ കഴിഞ്ഞ മാസം ഉന്നതാധികാരസമിതി രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പുതിയ കരാർ രൂപംകൊള്ളുന്നത്.

രാജ്യത്തെ വിദേശ തൊഴിലാളികളുടെ അംഗീകൃത തൊഴിൽ കരാർ ഗാർഹിക തൊഴിലാളികൾക്ക് ബാധകമാവാത്ത സാഹചര്യത്തിലാണ് പുതിയ കരാർ നിർമ്മിക്കുന്നത്. നിയമനങ്ങൾക്ക് കാലതാമസം വരുന്നതിന് പരിഹാരം ഉണ്ടാക്കുക, നിയമന ചെലവ് കുറയ്ക്കുക, പ്രൊബേഷൻ നീട്ടുക, ഏജൻസി ഗ്രേഡിങ്ങിനു ചട്ടങ്ങളും മാർഗനിർദേശങ്ങളും ഏർപ്പെടുത്തുക, ശമ്പളം കൃത്യമായി ലഭ്യമാക്കുക, വാരാന്ത്യ അവധി ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാനമായും കരാറിലുണ്ടാകുക.

അതേസമയം, വീട്ടുജോലിക്കാർക്കായി പ്രത്യേക കർ നിർമ്മിക്കുമ്പോൾ ഉൾപ്പെടുത്തുന്ന കാര്യങ്ങളിൽ ചില ഭിന്നാഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. പലരും ഗാർഹികതൊഴിലാളികളെ നിയമിക്കുന്നതു കുട്ടികളെ നോക്കാനാണ്. ഒരു അമ്മയുടെ സംരക്ഷണമാണ് ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ജോലിക്ക് സമയക്രമം തീരുമാനിക്കുന്നത് എങ്ങനെയെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ജോലിക്കാരുടെ ചികിത്സ, താമസ, ഭക്ഷണ, യാത്രാ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം നിശ്ചയിക്കുകയും ഉയർന്ന റിക്രൂട്മെന്റ് ഫീസ് ഒഴിവാക്കുകയും ചെയ്താൽ മറ്റു മേഖലകളിലെ തൊഴിലാളികളെപ്പോലെ തന്നെ ഇവർക്കു നിശ്ചിതജോലി സമയവും വാരാന്ത്യ അവധിയും ഉയർന്ന ശമ്പളവും നൽകാമെന്നാണു മറ്റു ചിലർ വ്യക്തമാക്കുന്നത്.

ശമ്പളം നൽകുന്ന ബാങ്ക് വഴി നൽകുന്നതിനെ തൊഴിലാളികളും തൊഴിലുടമകളും അനുകൂലിക്കുകയാണ്. ശമ്പളം നൽകിയില്ലെന്ന പരാതികൾ ഇതു വഴി ഇല്ലാതാക്കാൻ കഴിയുന്നതിലാണ് ഈ നിലപാട് സ്വീകരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇനിയും നടക്കാനിരിക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ലഭ്യമാക്കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ടിങ് ഏജൻസികളെ പല വിഭാഗങ്ങളായി തിരിച്ചു മത്സരക്ഷമത വർധിപ്പിക്കാനുള്ള ആലോചനയും തൊഴിൽ മന്ത്രാലയത്തിനുണ്ട്.