കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇനി മുതൽ തൊഴിൽ കാർ വായിക്കാൻ ബുദ്ധിമുട്ടേണ്ടി വരില്ല. അധികൃതരുടെ പുതിയ തീരുമാനപ്രകാരം കരാർ രേഖകൾ ഇംഗ്ലീഷിലും അറബിക്കിലും ലഭിക്കും. അറബി അറിയാത്തവർ തൊഴിൽ കരാർ മനസിലാക്കാൻ പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

2010ൽ നിലവിൽ വന്ന അഞ്ചുപേജുള്ള തൊഴിൽ കരാറാണ് സ്വകാര്യ മേഖലയിലുള്ളത്. ഇത് ഒരു പേജായി ചുരുക്കുവാനും തീരുമാനമായിട്ടുണ്ട്. എന്നാൽ 16 ഇനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഈ വ്യവസ്ഥകളിലൊന്നും യാതൊരു മാറ്റങ്ങളും ഉണ്ടാവില്ല. അത്വാവശ്യ വിവരങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ടാണ് കരാർ രേഖ ഒരു പേജായി ചുരുക്കുന്നത്.

ജീവനക്കാരന്റെ വേതന, കരാർ കാലാവധി, 100 ദിവസത്തിൽ കൂടാത്ത പ്രൊബേഷൻ കാലാവധി, വാർഷികാവധി, ജോലിസമയത്തിന്റെ ദൈർഘ്യം, തൊഴിൽ കാലാവധി കഴിഞ്ഞാലോ പിരിച്ചുവിട്ടാലോ സ്വദേശത്തേക്കു മടങ്ങുന്നതിനുള്ള വിമാനക്കൂലി, ജോലി സമയത്തുണ്ടായ അപകടങ്ങളിലും രോഗങ്ങളിലും ഇൻഷൂറൻസ് ഉറപ്പാക്കൽ, സേവനാനന്തര ആനുകൂല്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.