ജിദ്ദ: കുടുംബ വിസയിലെത്തുന്നവർക്ക് അധികഫീസ് ചുമത്താനുള്ള നീക്കം സൗദി പരമോന്നതസഭ പിൻവലിച്ചു. പകരം വിദേശികൾക്ക് താമസിക്കാനുള്ള അനുമതിയായ ഇഖാമയിൽ രണ്ടുശതമാനം അധികം തുകയീടാക്കും. ഈ നീക്കം തൊഴിലാളികൾക്ക് അധികബാധ്യതയാകും.

സൗദിയിലെത്തുന്ന ഓരോ വിദേശിയും ഇഖാമയുടെ രണ്ടുശതമാനം വർഷം അധികമായി അടയ്ക്കണം. പരിഷ്‌കരണം ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽവരും. സൗദി പരമോന്നത സഭയുടെ കൂടിയാലോചനാസമിതിയാണ് ഈ തീരുമാനം എടുത്തത്.

സ്വദേശിവത്കരണനിയമം നടപ്പാക്കിയതിന് പിന്നാലെയാണ് സൗദി സർക്കാർ കുടുംബ വിസയിൽ അധികഫീസ് ചുമത്താൻ തീരുമാനിച്ചത്. വിസ അടിക്കുമ്പോൾ 100 സൗദി റിയാലും (ഒരു റിയാൽ 17.73 രൂപ) 2017 ജൂലായ് ഒന്നുമുതൽ 200 റിയാൽ വീതവും പിരിക്കാനായിരുന്നു തീരുമാനം. വർഷംതോറും 100 റിയാൽ വീതം വർധിപ്പിച്ച് 2020 ആകുമ്പോഴേക്കും ഓരോ അംഗത്തിൽനിന്ന് 400 റിയാൽ പിരിച്ചെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഇതുമൂലം ഇഖാമയ്ക്കുമാത്രം വർഷം 65,000 രൂപ നൽകേണ്ടിവരും.

ഇത് കുടുംബ വിസയിൽ സൗദിയിൽ തങ്ങുന്നവർക്ക് വൻ സാമ്പത്തികബാധ്യതയുണ്ടാക്കുമായിരുന്നു. അഞ്ച് അംഗങ്ങളുള്ള കുടുംബം വർഷത്തിൽ 1000 റിയാൽ നൽകേണ്ടിവരും. പ്രവാസികൾ കുടുംബാംഗങ്ങളെ നാട്ടിലേക്ക് അയക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത് പിൻവലിക്കാൻ തീരുമാനിച്ചത്. ഇഖാമയുടെ രണ്ടുശതമാനം അധികം പിരിച്ചെടുക്കുമ്പോൾ കുടുംബ വിസക്കാരിൽനിന്ന് മാത്രമല്ല, എല്ലാ വിദേശപൗരന്മാർക്കും നിയമം ബാധകമാകും. ഇഖാമ പുതുക്കുമ്പോഴും പുതിയവ എടുക്കുമ്പോഴും വർഷത്തിലൊരിക്കൽ ഫീസ് ഈടാക്കും.

സ്വദേശിവത്കരണനിയമം (നിതാഖത്ത്) വന്നതോടെ ഇഖാമയുടെ കാലാവധി ഒരുവർഷമാക്കി പരിമിതപ്പെടുത്തിരുന്നു. മുമ്പിത് രണ്ടുവർഷംവരെയായിരുന്നു. ഇഖാമയിൽ 1000 സൗദി റിയാലുണ്ടായിരുന്നത് തൊഴിൽ ലെവി ഉൾപ്പെടെ ഇപ്പോൾ 4000 റിയാൽ വരെയായിട്ടുണ്ട്.