സിംഗപ്പൂർ: എംപ്ലോയ്‌മെന്റ് പാസ്(ഇപി) സംവിധാനത്തിൽ കീഴിൽ വിദേശപ്രൊഫഷണലുകളെ ജോലിക്കെടുക്കണമെങ്കിൽ ഇനി മുതൽ മിനിമം വേജ് 3600 ഡോളർ പ്രതിമാസം നൽകേണ്ടി വരും. നിലവിൽ 3300 ഡോളറിൽ നിന്നാണ് 3600 ഡോളറായി ഇപി ഉള്ളവർക്ക് മിനിമം വേജ് ഉയർത്തുന്നത്. അടുത്ത ജനുവരി മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്ന് മിനിസ്ട്രി ഓഫ് മാൻപവർ വ്യക്തമാക്കി.

ലോക്കൽ വേജ് വർധിപ്പിച്ചതിനെ തുടർന്നാണ് ഇപിയുള്ള വിദേശ പ്രൊഫഷണലുകളുടേയും മിനിമം പേ ഉയർത്തിയത്. അതേസമയം ലേബർ കോസ്റ്റ് വർധിച്ചതിനാൽ ബിസിനസ് അസോസിയേഷൻസ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലോക്കൽ തൊഴിലാളികൾക്കൊപ്പം തന്നെ പ്രതിഫലം ഉറപ്പാക്കുന്നതിനുമാണ് വേജ് വർധിപ്പിച്ചതെന്നും മന്ത്രാലയം വെളിപ്പെടുത്തി.

ഇതിനു മുമ്പ് 2014-ലാണ് ഇപി സാലറി വർധിപ്പിച്ചത് 3000 ഡോളറിൽ നിന്ന് 3300 ഡോളറായി ശമ്പളം വർധിപ്പിക്കുകയായിരുന്നു അടിസ്ഥാന ശമ്പളത്തിലാണ് വർധന വരുത്തിയതെങ്കിലും തൊഴിലാളികൾക്ക് തങ്ങളുടെ എക്‌സ്പീരിയൻസിന്റേയും സ്‌കില്ലിന്റേയും അടിസ്ഥാനത്തിൽ കൂടുതൽ ശമ്പളം ലഭിക്കും.

ജനുവരി ഒന്നിന് കാലാവധി തീരുന്ന ഇപി കാർഡുകൾ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് അടുത്ത മൂന്നു വർഷത്തേക്കു വരെ പുതുക്കാവുന്നതാണ്. ജനുവരി ഒന്നു മുതൽ 2017 ജൂൺ 30 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന കാർഡുകൾ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു വർഷത്തേക്കാണ് പുതുക്കാവുന്നത്. എന്നാൽ അടുത്ത ജൂലൈ ഒന്നു മുതൽ കാലാവധി അവസാനിക്കുന്ന കാർഡുകൾ പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ചു വേണം പുതുക്കേണ്ടത്.

കഴിഞ്ഞ ഡിസംബറിലെ കണക്ക് അനുസരിച്ച് മൊത്തം 187,900 ഇപി കാർഡ് ഹോൾഡർമാരാണുള്ളത്.