ഡബ്ലിൻ: 2009-ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം രാജ്യത്ത് തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നത് ഇപ്പോഴാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇപ്പോൾ 20 ലക്ഷത്തിലധികം പേർ ഇപ്പോൾ തൊഴിലെടുത്തു ജീവിക്കുന്നുണ്ടെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകൾ.

മുൻ വർഷത്തെ അപേക്ഷിച്ച് രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ എണ്ണം 56,000 എന്നു കണ്ട് വർധിച്ചിട്ടുണ്ട്. 2015-നെ അപേക്ഷിച്ച് 2.9 ശതമാനം കൂടുതലാണിത്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്തിരുന്ന 2007-നെക്കാൾ ഏഴു ശതമാനം കുറവാണ് ഇപ്പോഴും. അന്ന് 2.16 മില്യൺ ആൾക്കാർ രാജ്യത്ത് തൊഴിൽ ചെയ്തിരുന്നു. 2016-ന്റെ രണ്ടാം പാദത്തിലാണ് തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ ഇത്രയും വർധന ഉണ്ടായിരിക്കുന്നത്. നിർമ്മാണ മേഖല, അഡ്‌മിനിസ്‌ട്രേറ്റീവ്, സപ്പോർട്ട് സർവീസ് എന്നീ മേഖലകളിലാണ് തൊഴിലെടുക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നത്.

2016 ആരംഭിച്ചതിൽ പിന്നെ ഓരോ ആഴ്ചയും ആയിരം തൊഴിൽ കൂടി കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. രാജ്യത്ത് കുടിയേറ്റം വർധിച്ച സാഹചര്യത്തിലാണിത്. തൊഴിലില്ലായ്മ നിരക്ക് കുറയുന്ന സാഹചര്യം എത്തിയതിനെ മിനിസ്റ്റർ ഫോർ സോഷ്യൽ പ്രൊട്ടക്ഷൻ ലിയോ വരാദ്കർ സ്വാഗതം ചെയ്തു. വർഷത്തിലെ ആദ്യപാദത്തെ അപേക്ഷിച്ച് ഫുൾ ടൈം തൊഴിൽ ലഭിച്ചവരുടെ എണ്ണം 44,900 എന്നതായി ജൂൺ അവസാനത്തോടെ വർധിച്ചു. മൂന്നു ശതമാനം വർധനയാണ് ഈ മേഖലയിലുണ്ടായത്. പാർട്ട് ടൈം എംപ്ലോയ്‌മെന്റിന്റെ കാര്യത്തിലും 2.5 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.