- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Maharashtra
തദ്ദേശ സംവരണത്തിലൊതുങ്ങുന്ന സ്ത്രീ ശാക്തീകരണം: ഡോ. സിന്ധു ജോയി എഴുതുന്നു
നവംബർ മാസം രണ്ടാം തീയതി നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം നാടെങ്ങും മുഴങ്ങി കേൾക്കാം. കേരളത്തിൽ അങ്ങോളമിങ്ങോളം തദ്ദേശ പോരിന് നിൽക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിരന്നുകഴിഞ്ഞു. അവയിൽ പകുതിയോളം വനിതകളാണെന്ന് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. എന്നാൽ താഴെതട്ടിലുള്ള ഈ സ്ത്രീ സംവരണവും, ശാക്തീകരണത്തെപ്പറ
നവംബർ മാസം രണ്ടാം തീയതി നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം നാടെങ്ങും മുഴങ്ങി കേൾക്കാം. കേരളത്തിൽ അങ്ങോളമിങ്ങോളം തദ്ദേശ പോരിന് നിൽക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിരന്നുകഴിഞ്ഞു. അവയിൽ പകുതിയോളം വനിതകളാണെന്ന് കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. എന്നാൽ താഴെതട്ടിലുള്ള ഈ സ്ത്രീ സംവരണവും, ശാക്തീകരണത്തെപ്പറ്റിയുള്ള പ്രസംഗങ്ങളും അവിടെ മാത്രമായി ഒതുങ്ങുന്നത് എന്താണെന്ന ആശങ്കയുമുണ്ട്.
പറഞ്ഞുവരുന്നത് നിയമസഭയിലും പാർലമെന്റിലുമൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനെപ്പറ്റിയാണ്. എവിടെ നമ്മുടെ വനിതാ സംവരണ ബിൽ? പ്രക്ഷോഭങ്ങളും ചർച്ചകളും പ്രഖ്യാപനങ്ങളുമായി വർഷങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഈ ബിൽ രാജ്യസഭയിൽ പാസാക്കിയതിൽ മാത്രമായി ഒതുങ്ങിപ്പോയത്? ലിംഗ സമത്വവും ലിംഗ നീതിയുമെല്ലാം പൂർണമാകണമെങ്കിൽ എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ തുല്യത അനിവാര്യമാണ്, പ്രത്യേകിച്ച് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ.
ഇന്ത്യയിൽ മാത്രമല്ല ലോകരാജ്യങ്ങളും, സ്ത്രീ സംഘടനകളും, ഐക്യരാഷ്ട്രസഭയുമെല്ലാം ഏറെക്കാലമായി ചർച്ചകൾ നടത്തി നയരൂപീകരണം നടത്തുന്ന മേഖലയാണ് 'സ്ത്രീ തുല്യത'. എന്നാൽ ആഗോളതലത്തിൽ തന്നെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിലെ സ്ത്രീ ശാക്തീകരണം പൂർണതയിലെത്തിയിട്ടില്ല എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകൾക്ക് ഇപ്പോഴും അധികാര മേഖലകളിൽ തുല്യതയിലെത്താൻ കഴിഞ്ഞിട്ടില്ല.
നമ്മുടെ രാജ്യത്താകട്ടെ സ്ത്രീക്കും പുരുഷനും തുല്യമാ അവകാശങ്ങൾ നൽകുന്ന ഭരണഘടനയുണ്ട്. ലിംഗം, വർണ്ണം, മതം തുടങ്ങിയയുടെ പേരിലുള്ള യാതൊരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കേണ്ട പാർലമെന്റുകൾ ഉൾപ്പടെ സ്ത്രീകൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകുവാൻ ഇനിയുമായിട്ടില്ല. ഇപ്പോഴത്തെ ലോകസഭയിലെ വനിതാ പ്രാതിനിധ്യം പതിനൊന്ന് ശതമാനമാണ് എന്നത് ഇതിന്റെ ഉദാഹരണമാണ്.
ഇന്റർ പാർലമെന്ററി യൂണിയൻ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകരാഷ്ട്രങ്ങളിൽ തൊണ്ണൂറ്റിയെട്ട് മാത്രമാണ്. അയൽരാജ്യമായ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ നമ്മളെക്കാൾ ഏറെ മുന്നിലാണ്. അതോടൊപ്പം പെൺഭ്രൂണഹത്യ, പെൺശിശുഹത്യ, സ്ത്രീപീഡനം, ഗാർഹിക അതിക്രമങ്ങൾ, സ്ത്രീധന പീഡനങ്ങൾ, ലൈംഗിക പീഡനങ്ങൾ, പിഞ്ചുകുഞ്ഞുങ്ങളെ പീഡനങ്ങൾ തുടങ്ങിയ രാജ്യത്ത് വർദ്ധിച്ചുവരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ കൂടുതൽ വനിതകൾ അധികാരത്തിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണെന്നിരിക്കെ എന്തുകൊണ്ടാണ് രാജ്യം സ്ത്രീ തുല്യതയെക്കുറിച്ച് ചർച്ച ചെയ്യാത്തത്.
പാർലമെന്റിലും, സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ 2010 മാർച്ച് ഒൻപതിനായിരുന്നു രാജ്യസഭയിൽ പാസാക്കിയത്. എന്നാൽ ഇതിലും വർഷങ്ങൾക്കു മുൻപ് 1996-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയാണ് 108-ാം ഭരണഘടന ഭേദഗതിയിലുൾപ്പെടുത്തി വനിതാ സംവരണ ബിൽ സഭയിൽ കൊണ്ടുവന്നത്. അത് സമാജ് വാദി പാർട്ടി, ആർ.ജെ.ഡി. തുടങ്ങിയ പാർട്ടികളുടെ ശക്തമായ എതിർപ്പുകളുണ്ടാകുകയും ബിൽ പരിശോധിച്ച് ഭേദഗതികൾ വരുത്തി വീണ്ടും അവതരിപ്പിക്കാൻ ഗീതാ മുഖർജി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. 1996 ഡിസംബർ ഇരുപതിനു മുൻപ് (അന്നത്തെ പാർലമെന്റ് പിരിയുന്നതിനു മുൻപ്) അജണ്ടയിൽ ഉൾപ്പെടുത്തി പാസാക്കണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. എന്നാൽ എതിർപ്പിനെ തുടർന്ന് അത് നടന്നില്ല.
വീണ്ടും 2004-ൽ അന്നത്തെ യു.പി.എസ്. സർക്കാർ പൊതുമിനിമം പരിപാടിയിൽ ഉൾപ്പെടുത്തി ബിൽ അവതരിപ്പിച്ചുവെങ്കിലും പാസാക്കാനായില്ല. വീണ്ടും 2008 രാജ്യസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതിനെ തുടർന്നാണ് ബിൽ അവതരിപ്പിക്കപ്പെട്ടതും പാസായതും. കേരളത്തിലുൾപ്പെടെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകൾ ഇന്നും അധികാരം പങ്കുവയ്ക്കുന്ന പ്രക്രിയയിൽ ഏറെക്കുറെ പുറത്തുതന്നെയാണ്. നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം സമൂഹത്തിലെ വലിയൊരു വിഭാഗമായ സ്ത്രീകൾക്ക് ലഭിക്കാതെ പോകുന്നത് നീതിനിഷേധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീസംവരണം ഉണ്ടാക്കിയ അതിശയകരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്ത്രീകളെ മുഖ്യധാരയിലേക്കും രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ അകത്തളങ്ങളിലേക്കും എത്തിക്കേണ്ട നേരം അതിക്രമിച്ചിരിക്കുന്നു. നമുക്ക് വേണ്ടത് ത്രിതല പഞ്ചായത്തിൽ മാത്രമുള്ള തുല്യത അധികാരമല്ല മറിച്ച്, ഇന്ത്യൻ പാർലമെന്റിൽ ഉൾപ്പെടെ സ്ത്രീ ശബ്ദങ്ങൾ മുഴങ്ങിക്കേൾക്കണം! ഒരുപക്ഷേ സംവരണനബിൽ അവതരിപ്പിച്ച് പാസാക്കാൻ നമുക്ക് കഴിഞ്ഞില്ലായിരിക്കാം, എന്നാൽ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകളെ കൂടുതൽ മത്സരിപ്പിക്കാനും, ലിംഗനീതി ഉറപ്പാക്കാനും രാഷ്ട്രീയപാർട്ടികൾ മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.