മുംബൈ: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു. ഇഎംഎസിന്റെ ഇളയ മകനായ അദ്ദേഹത്തിന് 67 വയസായിരുന്നു. മകൾ അപർണയുടെ മുംബൈയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു.ഹൃദയാഘാതം എന്നാണ് പ്രാഥമിക വിവരം.

ദേശാഭിമാനി ചീഫ് അക്കൗണ്ട്സ് മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. 2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനു ശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇഎംഎസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സിപിഎം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.

ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെഎസ് ഗിരിജയാണ് ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടിസിഎസ്, മുംബൈ). മരുമക്കൾ: എഎം ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യൽ കറസ്പോണ്ടന്റ്, ഡൽഹി), രാജേഷ് ജെ വർമ (ഗോദ്റേജ് കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബൈ).

പരേതയായ ആര്യ അന്തർജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇഎം ശ്രീധരൻ, ഇഎം രാധ (വനിതാ കമ്മീഷൻ അംഗം) എന്നിവരാണ് സഹോദരങ്ങൾ.

മുഖ്യമന്ത്രി അനുശോചിച്ചു

എസ് ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇ എം എസിന്റെ മകനായ എസ് ശശി ദേശാഭിമാനിയുടെ മാനേജ്മന്റ് നേതൃതലത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇ എം എസിന്റെ ത്യാഗപൂർണമായ ജീവിതത്തിന്റെ ഭാഗമായി വളർന്ന ശശി എക്കാലവും സിപിഐ എമ്മിനൊപ്പം ഉറച്ചു നിന്ന് പൂർണ പ്രതിബദ്ധതയോടെ പാർട്ടി ഏല്പിച്ച ചുമതലകൾ നിറവേറ്റി.

ആത്മാർത്ഥതയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ചുപറ്റി അങ്ങേയറ്റത്തെ കാര്യക്ഷമതയോടെയാണ് പാർട്ടി ഉത്തരവാദിത്തങ്ങളും ദേശാഭിമാനിയുടെ ചുമതലകളും ശശി നിറവേറ്റിയത്. ഇ എം എസ് ഡൽഹി ജീവിതം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോൾ ശശിയും കുടുംബസമേതം ഒപ്പം വന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ അനുശോചിച്ചു

ഇ എം എസിന്റെ മകൻ എസ് ശശിയുടെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.ഇ എം എസിന്റെ മകൻ എസ് ശശിയുടെ നിര്യാണവാർത്ത ഞെട്ടലോടെയാണ് കേട്ടത്.

ഇ എം എസിന്റെ ലാളിത്യവും മൂല്യങ്ങളും രാഷ്ട്രീയവും ഒട്ടും ചോരാതെ ജീവിതത്തിൽ കാത്തുസൂക്ഷിച്ച ആളാണ് അദ്ദേഹം എന്നും സ്പീക്കർ അനുസ്മരിച്ചു. ദേശാഭിമാനിയിൽ ദീർഘകാലം പ്രവർത്തിച്ച ശേഷം ഏതാനും വർഷം മുമ്പാണ് വിരമിച്ചത്. കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.