- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന് വേണ്ടി മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ ചോർത്തിയ ഏനാത്ത് എസ് എച്ച് ഒ സ്ത്രീപീഡന കേസും അട്ടിമറിച്ചു; ലോക്കൽ കമ്മറ്റിയംഗം പ്രതിയായ കേസ് പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ട് വാങ്ങി റഫർ ചെയ്തു: ഇൻസ്പെക്ടർക്കെതിരേ പുനരന്വേഷണം
കൊല്ലം: സ്വതന്ത്ര മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ ചോർത്തി സിപിഎം ഏരിയാ നേതാവിന് കൈമാറിയ സംഭവത്തിൽ ആരോപണ വിധേയനായ ഏനാത്ത് എസ്എച്ച്ഓ സുജിത്തിനെതിരേ സ്ത്രീ പീഡന കേസ് അട്ടിമറിച്ചതിന് അന്വേഷണം.
സിപിഎം ലോക്കൽ കമ്മറ്റിയംഗം പ്രതിയായ കേസ്, പരിചയത്തിലുള്ള പൊലീസുകാരനെ വിട്ട് പരാതിക്കാരിയിൽ നിന്ന് ഒപ്പിട്ടു വാങ്ങി റഫർ ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ അടൂർ ഡിവൈഎസ്പി ഇൻസ്പെക്ടർക്കെതിരേ അന്വേഷണം തുടങ്ങി. ഈ കേസിൽ പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി തെറ്റായി രേഖപ്പെടുത്തുകയും പ്രതിയെ രക്ഷിക്കാൻ വേണ്ടി അവർ പറഞ്ഞ ചില കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു.
കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നുള്ള സിപിഎം ലോക്കൽ കമ്മറ്റിയംഗം അനീഷ് പ്രതിയായ കേസാണ് എഴുതി തള്ളിയത്. പരാതിക്കാരിയുടെ കുട്ടികളുടെ ശരീരത്തിലേക്ക് അനീഷ് വാഹനം കൊണ്ട് കരിങ്കല്ല് ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയെഅനീഷ് അസഭ്യം വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ പരാതിക്കാരിയുടെ ഭർത്താവ് അനീഷിനോട് ചോദിക്കാൻ ചെന്നു.
ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന പരാതിക്കാരിയെ പ്രതി അപമാനിക്കുകയായിരുന്നു. പരാതിക്കാരിയുടെ ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുകയും ചെയ്തു. ഈ വിവരം കാട്ടി യുവതി എസ്പിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി വന്ന പരാതി സിപിഎം ഏരിയാ നേതാവിന്റെ സമ്മർദത്തെ തുടർന്ന് അടൂർ ഡിവൈഎസപി ഓഫീസിൽ പൂഴ്ത്തിയെന്ന് പറയുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് നീതി കിട്ടില്ലെന്ന വന്ന യുവതി പ്രധാനമന്ത്രിക്കും പരാതി കൊടുത്തു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നടപടി ആവശ്യപ്പെട്ട് പരാതി ഡിജിപി ഓഫീസിൽ എത്തി. പൂഴ്ത്തി വച്ചിരുന്ന പരാതി പൊടി തട്ടിയെടുത്ത ഏനാത്ത് എസ്എച്ച്ഓ ഗത്യന്തരമില്ലാതെ പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. ഹൈക്കോടതിയിൽ പോലും ജാമ്യം കിട്ടാത്ത വകുപ്പായിട്ടും പ്രതി ഒരു കൂസലുമില്ലാതെ കറങ്ങി നടന്നു. ഏനാത്ത് പൊലീസ് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി എടുത്തുവെങ്കിലും അനീഷ് ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടെന്ന ഭാഗം മൊഴിയിൽ രേഖപ്പെടുത്തിയില്ല.
ഇതിനിടെ തനിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചുവെന്ന തോന്നലുണ്ടാക്കി പ്രതി നാട്ടിൽ കറങ്ങി നടക്കാൻ തുടങ്ങി. എസ്എച്ച്ഓയും പ്രതിയും സിപിഎമ്മിന്റെ ഏരിയാ നേതാവും ചേർന്ന് ഗൂഢാലോചന നടത്തി കേസ് എഴുതി തള്ളാനുള്ള നീക്കമായി പിന്നീട്. ഇതിന്റെ ഭാഗമായി എഴുതി തള്ളുന്നതിന് സമ്മതമാണെന്ന് അറിയിച്ചു കൊണ്ടുള്ള രേഖകൾ പരിചയത്തിലുള്ള പൊലീസുകാരനെ കൊണ്ട് പരാതിക്കാരിയുടെ വീട്ടിലെത്തിച്ചു.
കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പോവാണെന്നും പരാതിക്കാരിയുടെ ഒപ്പുവേണമെന്നും പൊലീസുകാരനായ ബിജു ആവശ്യപ്പെട്ടു. പരിചയക്കാരനായതിനാൽ ഇവർ വിശ്വസിച്ച് ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. പിന്നീട് വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് അത് കേസ് എഴുതി തള്ളുന്നതിനുള്ള പേപ്പർ ആണെന്ന് മനസിലായത്. സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അതിനുള്ള പേപ്പറാണെന്ന് സ്ഥിരീകരണം ലഭിക്കുകയും ചെയ്തു. ബിജു എന്ന പൊലീസുകാരനോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ തന്റെ കൈയിൽ കിരൺ എന്ന പൊലീസുകാരൻ തന്നു വിട്ടതാണെന്നും അത് കേസ് റഫർ ചെയ്യാനുള്ള പേപ്പറാണെന്നും പറഞ്ഞു.
പൊലീസുകാരുടെ വിശ്വാസ വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കുമെതിരേ യുവതി വീണ്ടും എസ്പിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്്എച്ച്ഓയ്ക്കെതിരേ അന്വേഷണം തുടങ്ങി. കേസ് പുനരന്വേഷിക്കാനും സാധ്യതയുണ്ട്. ഏനാത്ത് എസ്എച്ച്ഓ സുജിത്തിനെ ഇവിടെ കൊണ്ടു വന്നത് സിപിഎം ഏരിയാ നേതാവാണ്.
നേതാവ് പറയുന്ന കാര്യങ്ങൾ മാത്രമാണ് എസ്എച്ച്ഒ ചെയ്യുന്നതെന്ന് പാർട്ടിക്കുള്ളിൽ തന്നെ പരാതി ഉയർന്നു. പ്രായം ചെന്നവരും സ്ത്രീകളും പരാതിയുമായി ചെല്ലുമ്പോൾ കളിയാക്കി വിടുന്നത് എസ്എച്ച്ഓയുടെ പതിവാണത്രേ.