ന്യൂഡൽഹി: മോഷണക്കേസിൽ തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ രക്ഷപെടാൻ ശ്രമിച്ച കൊടും ക്രിമിനലിനെ വെടിവച്ചു കൊലപ്പെടുത്തി യു പി പൊലീസ്. തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന മുകേഷ് ഠാക്കൂർ എന്ന പ്രതിയെയാണ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്.

ബാങ്ക് കൊള്ളയടിച്ച കേസിൽ പൊലീസ് പിടികൂടിയ മുകേഷ് ഠാക്കൂറിനെ മോഷണക്കേസിൽ തെളിവെടുപ്പിനു കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ തോക്ക് തട്ടിയെടുത്ത പ്രതി തുടരെ തുടരെ വെടിവച്ചു. ഇതോടെ പൊലീസും തിരിച്ചടിച്ചു.

 

അക്രമത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനാണ് മുകേഷിനെ എത്തിച്ചത്. എന്നാൽ ഇയാൾ കസ്റ്റഡിയിൽനിന്നു രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ വെടിയേറ്റ് ഇയാൾ കൊല്ലപ്പെടുന്നത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറയുന്നു. ഞായറാഴ്ച രാത്രിയാണ് 50,000 രൂപ തലയ്ക്ക് വിലയിട്ട പ്രതിയെ പൊലീസ് പിടികൂടുന്നത്. രാജസ്ഥാനിലെ ബസേരി സ്വദേശിയാണ് കൊല്ലപ്പെട്ട മുകേഷ്. കൊലപാതകം, കൊള്ള, തട്ടിക്കൊണ്ടുപോകൽ അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.