കാലാകാലങ്ങളിൽ ലോകാവസാനവുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങളും മുന്നറിയിപ്പുകളും പുറത്ത് വന്നു കൊണ്ടേയിരിക്കുന്നുണ്ട്. എന്നാൽ അവയൊന്നും ഇതു വരെ സംഭവിച്ചിട്ടുമില്ല. അതിനാൽ അത്തരം പ്രവചനങ്ങൾ വെറും ഭാവനയാണെന്ന് കരുതി തള്ളുന്നവർ ഏറെയുണ്ട്. എന്നാൽ ഭൂമിയെ ഛിന്നഭിന്നം ആക്കാൻ പറ്റുന്ന 1800ൽ അധികം ആസ്‌റ്റെറോയ്്ഡുകൾ അന്തരീക്ഷത്തിൽ സജീവമായുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. അതായത് കൃത്യസ്ഥാനത്ത് ഇവയിൽ ഒരെണ്ണം തട്ടിയാൽ പോലും ഭൂമി തവിട് പൊടിയാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ലോകത്തിലെ തന്നെ പ്രമുഖ ആസ്‌ട്രോഫിസിസ്റ്റും ക്യൂൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റ് ആസ്‌ട്രോഫിസിക്‌സ് റിസർച്ച് സെന്ററിലെ ഗവേഷകനുമായ ഡോ. അലൻ ഫിറ്റ്‌സിമോൻസാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ആസ്‌റ്റെറോയ്ഡുകളെയാണ് നിത്യവും കണ്ടെത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഒരു ഭീമൻ ആസ്റ്റെറോയ്ഡ് ഭൂമിയിൽ തട്ടിയാൽ ചിലപ്പോൾ ഒരു നഗരം തന്നെ ഇല്ലാതായേക്കാമെന്നും അതിന്റെ വലുപ്പത്തിനനുസരിച്ച് ചിലപ്പോൾ ഭൂമിയിലെ മനുഷ്യവംശം തന്നെ ഇല്ലാതായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇവ ഉയർത്തുന്ന ഭീഷണികൾ ഇന്ന് സയന്റിസ്റ്റുകളും എൻജിനീയർമാരും മുമ്പത്തേതിനേക്കാൾ കൂടുതൽ മനസിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിത്യവും ഭൂമിക്കടുത്ത് കണ്ടെത്തുന്ന ആസ്റ്റെറോയ്ഡുകളിൽ മിക്കവയും അപകടമുണ്ടാക്കാത്തവയാണെന്നും എന്നാൽ ഇവയിൽ ചിലതാണ് ഭൂമിക്ക് കടുത്ത അപകടഭീഷണിയുയർത്തുന്നതെന്നും അലൻ ഫിറ്റ്‌സിമോൻസ് വ്യക്തമാക്കുന്നു. നിലവിൽ ഇത്തരത്തിൽ ഭൂമിക്ക് ഭീഷണിയുയർത്തുന്ന 1800ൽ അധികം ആസ്റ്റെറോയ്ഡുകളെയാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇതിലുമധികം കണ്ടെത്താൻ സാധ്യയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നുണ്ട്. 

ഇവയെ നേരിടാൻ കാര്യക്ഷമമായ എന്തെങ്കിലും പ്രതിരോധങ്ങൾ ഇനിയും സൃഷ്ടിച്ചില്ലെങ്കിൽ ഭൂമിയിൽ നാശം വിതയ്ക്കപ്പെടാൻ സാധ്യതയേറെയാണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് മുന്നറിയിപ്പേകി സയന്റിസ്റ്റായ ബ്രിയാൻ കോക്‌സ്, ആസ്‌ട്രോനട്ടായ റുസ്റ്റി സ്‌ക്യൂവിക്കാർട്ട്,ഇൻർനാഷൽ സ്‌പേസ് സ്‌റ്റേഷൻ ആസ്‌ട്രോനെട്ട് നിക്കോളെ സ്‌റ്റോട്ട്, എന്നിവരും ഡോ. അലൻ ഫിറ്റ്‌സിമോൻസിനൊപ്പ അണിചേരുന്നുണ്ട്.