പ്ലാനെറ്റ് എക്‌സ് അഥവാ നിബിറു വന്ന് ലോകാവസാനമുണ്ടാകുമെന്ന മുന്നറിയിപ്പ് രണ്ട് ദശാബ്ദത്തിലധികമായി പ്രചരിക്കുന്ന കാര്യമാണ്. സെപ്റ്റംബർ 23ന് അഥവാ ഇന്നലെ നിബിറു കാരണം ഭൂമി നശിക്കുമെന്ന് മുന്നറിയിപ്പേകിയും കോൺസ്പിരസി തിയറിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിക്കാതെ ഈ തീയതിയും കടന്ന് പോയിരിക്കുകയാണ്. നിബിറു ലോകത്തെ അഗ്‌നിക്കിരയാക്കാൻ വരുമെന്ന് കരുതി കാത്തിരുന്നവർ ഇതോ നിരാശയിലായിരിക്കുകയാണ്. എന്നിട്ടും നാസയുടെ പേരിൽ ലോകാവസാനത്തെ സംബന്ധിച്ച പുതിയ നുണകൾ പ്രചരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കൊലയാളി ഉൽക്ക കാനഡയിൽ എത്തിയെന്ന് ഒരു കൂട്ടർ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

സൗരയൂഥത്തിലെ ഒരു മിത്തോളജിക്കിൽ ഗ്രഹമാണ് പ്ലാനറ്റ് എക്‌സ് അഥവാ നിബിറു. ഇത് ഭൂമിക്കടുത്ത് വന്ന് കൂട്ടിയിടിച്ച് ഭൂമിയിലെ സമസ്ത ജീവജാലങ്ങളും ഇല്ലാതാകുമെന്ന പ്രവചനം വളരെ കാലമായി നിലനിൽക്കുന്നതാണ്. എന്നാൽ ഇത് തികഞ്ഞ മിഥ്യാസസങ്കൽപമാണെന്നാണ് നാസ പറയുന്നത്. അതായത് ഇന്റർനെറ്റിൽ പടരുന്ന വെറുമൊരു നുണക്കഥയാണിതെന്നാണ് നാസ വ്യക്തമാക്കുന്നത്. നിബിറു എന്നൊരു ഗ്രഹം തന്നെ നിലനിൽക്കുന്നില്ലെന്നും അത് സാങ്കൽപികമാണെന്നും നാസ 2012ൽ തന്നെ സ്ഥിരീകരിച്ചിരിക്കുന്ന കാര്യമാണ്.

ചരിത്രം പരിശോധിച്ചാൽ ഭൂമിക്ക് ഭീഷണിയായെത്തുന്ന ഇത്തരം നിരവധി വസ്തുക്കളെയും ഗ്രഹങ്ങളെയും സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ കാലാകാലങ്ങളായി ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ അവയൊന്നും സത്യമാണെന്ന് തെളിഞ്ഞിട്ടുമില്ല. എന്നാൽ ഇന്നലത്തെ അപകടം കഴിഞ്ഞ് പോയെങ്കിലും കൊലയാൽഉൽക്ക കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലെ വൈറ്റ്‌പോയിന്റിന് മുകളിലെത്തിയിട്ടുണ്ടെന്നാണ് ചിലർ പറഞ്ഞ് പേടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്. നിബിറു ഭൂമിയേക്കാൾ പത്തിരട്ടി അധികം വലുപ്പമുള്ള ഗ്രഹമാണെന്നാണ് മുന്നറിയിപ്പ്. 1995ൽ വിൻകോൻസിൻ സ്വദേശിയായ നാൻനി ലീഡെർ ഏലിയൻകോൺസ്പിരസി വെബ്‌സൈറ്റായ സെറ്റടാക് നിർമ്മിച്ചതിനെ തുടർന്നായിരുന്നു നിബിറുവിനെക്കുറിച്ചുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങിയിരുന്നത്.

ക്രിസ്ത്യൻ ന്യൂമറോളജിസ്റ്റായ ഡേവിഡ് മീഡ് നിബിറുവിനെ കുറിച്ചുള്ള കഥകളും പ്രവചനങ്ങളും നടത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നുണ്ട്.നിബിറു കാരണമുള്ള നാശം ഒക്ടോബറിൽ ആരംഭിക്കുമെന്നും പ ിന്നീട് ഏഴ് വർഷക്കാലം കടുത്ത പ്രകൃതിദുരന്തങ്ങളും നാശവുമുണ്ടാകുമെന്നുമാണ് മീഡ് ഇപ്പോൾ മുന്നറിയിപ്പേകുന്നത്. സെപ്റ്റംബർ 23ന് ആകാശത്ത് പ്രത്യക്ഷപ്പെട്ട നിബിറു ഒക്ടോബറിൽ ഭൂമിക്കടുത്ത് കൂടി കടന്ന് പോകുമ്പോൾ ഇതിന്റെ ഗ്രാവിറ്റേഷണൽ ബലം കാരണം ഇവിടെ കടുത്ത അഗ്‌നിപർവത സ്‌ഫോടനങ്ങൾ ആരംഭിക്കുമെന്നും അത് കടുത്ത നാശത്തിന് വഴിയൊരുക്കുമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.

ഇപ്പോൾ സമാഗതമായിരിക്കുന്ന ലോകാവസാനം 100 വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചതാണെന്നാണ് ചില യഹൂദ വിശ്വാസികളും ഉയർത്തിക്കാട്ടുന്നത്. 1894ൽ റാബി മോസസ് ഇസ്രയേൽ ബെൻജമിൻ എന്ന യഹൂദ പണ്ഡിതൻ യാൽകുറ്റ് മോഷെ എന്ന പേരിൽ എഴുതിയ ഒരു ഗ്രന്ഥത്തിൽ ലോകാവസാനത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നും അത് ഉടൻ സംഭവിക്കുമെന്നുമാണ് ചില യഹൂദ പണ്ഡിതർ പ്രവചിക്കുന്നത്.