കൊച്ചി: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾ അടക്കമുള്ളവയിലെ ഫാർമസികളിൽ മരുന്നുകൾ വിതരണം ചെയ്യുന്നത് ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യത ഇല്ലാത്തവരാണെന്ന് ഹൈക്കോടതി. ഫാർമസി നിയമങ്ങൾ അടിയന്തരമായി നടപ്പിലാക്കാനും നിയമവിരുദ്ധമായി മരുന്നുകൾ വിതരണം ചെയ്യുന്നവരുടെ പേരിൽ നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അനധികൃത ഔഷധവ്യാപരം തടയണമെന്നാവശ്യപ്പെട്ട് കേരള ഫാർമസിസ്‌ററ് ഓർഗനൈസേഷൻ ഫയൽ ചെയ്ത കേസിൽ തീർപ്പു കൽപ്പിച്ചുകൊണ്ടാണ് വിധി.

ആരോഗ്യവകുപ്പു സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും എതിർ കക്ഷികളായ കേസിൽ ഓർഗനൈസേഷൻ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ വസ്തുതാപരമാണെന്നും അതീവശ്രദ്ധ അർഹിക്കുന്ന വിഷയമാണെന്നും കോടതി കണ്ടെത്തി. അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ജീവൻ രക്ഷാഔഷധങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്ന വ്യക്തികളുടെപേരിലും സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരിലും കർശനമായ നിയമനടപടി സ്വീകരിക്കാനാണു കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ അനധികൃത ഔഷധവ്യാപാരമാണ് നടക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ആശുപത്രികൾ ഉൾപ്പെടെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന രീതിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. യോഗ്യതയുള്ള ഫാർമസിസ്‌റുകളുടെ സാന്നിധ്യമില്ലാതെയാണ് ആശുപത്രി ഫാർമസികളിലും, സ്വകാര്യ ഔഷധ വിൽപ്പനശാലളിലും രോഗികൾക്ക് മരുന്ന് നൽകുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നത്. കോടതി നിർദ്ദേശം പാലിക്കാത്തവരുടെ പേർ കർശന നടപടിയെടുക്കണമെന്നും വിധിയിൽ വ്യക്തമാക്കി.

രോഗിക്ക് ഡോക്ടർ കുറിച്ച്‌നൽകുന്ന മരുന്ന് കൃത്യമായി വേണ്ട മാർഗ നിർദേശങ്ങളോടെ നൽകുകയെന്നതാണ് ഡിപ്ലോമ മുതൽ ഡോക്ടറേറ്റ് വരെ നേടിയ ഫാർമസിസ്റ്റുകളുടെ പ്രധാന പ്രവർത്തനം. വർഷംതോറും കേരളത്തിൽ 51 കോളേജുകളിൽ നിന്നായി 7000 ലധികം ഫാർമസിസ്റ്റുകൾ ജോലി തേടി രംഗത്തേക്ക് വരുന്നു. അന്യസംസ്ഥാനങ്ങളിലെ കോളേജുകളിൽനിന്നും പഠനം പൂർത്തിയാക്കിവരുന്ന മലയാളി ഫാർമസിസ്റ്റുകൾ വേറെയും. എന്നാൽ കേരളത്തിൽ 20000 ലധികം ഔഷധ വിൽപ്പനശാലകളിലായി 80000 ലധികം യോഗ്യതയില്ലാത്തവർ ഔഷധ വിൽപ്പനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. കേരളഫാർമസി കൗൺസിലിൽ 56000 ലധികം ഫാർമസിസ്റ്റുകൾ രെജിസ്റ്റർ ചെയ്തു ജോലിതേടി നിൽക്കുമ്പോഴാണ് ഈ അനധികൃത ഔഷധ വ്യാപാരം നടക്കുന്നതെന്ന് സംഘടന ഹർജിയിൽ ചൂണ്ടിക്കാട്ടി.