തിരുവനന്തപുരം: സ്ത്രീ അമ്മയാണ്, ദേവിയാണ്, ശക്തിയാണ്, സർവ്വം സഹയാണ്....എല്ലാ വനിതാ ദിനാചരണങ്ങളിലും കേട്ടു മടുത്ത സ്ഥിരം സ്തുതി വചനങ്ങൾ.....

ഈ പുകഴ്‌ത്തുപാട്ടുകൾക്കിടയിലും, പകലന്തിയോളം നീളുന്ന ജീവിതപ്പാച്ചിലുകൾക്കിടയിലും 'ജോലിയില്ലാത്ത ഭാര്യ/അമ്മ/സഹോദരി/മകൾ ' എന്നിങ്ങനെയുള്ള ഓമനപ്പേരുകളും പേറി അടുക്കളയിലെ കരിയിലും പുകയിലും എരിഞ്ഞടങ്ങുന്നു നമ്മുടെയീ സർവം സഹകൾ.

ഇത് കാലാകാലങ്ങളായി നമ്മുടെ സമൂഹത്തിലെ സ്ഥിരം കെട്ടുകാഴ്ചകൾ.... എന്നാൽ, പുത്തൻ തലമുറയുടെ സ്വപ്ന തൊഴിലിടമായ ഐടി മേഖലയിലെ അഭ്യസ്ഥ വിദ്യരായ വനിതാ ജീവനക്കാരുടെ അവസ്ഥ എന്താണ്? അതിനുള്ളിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ ജീവനക്കാരെ പൊതുസമൂഹം എങ്ങനെ നോക്കിക്കാണുന്നു? പൊതു അവസ്ഥയിൽ നിന്നും വ്യത്യസ്ഥരാണോ ഇവിടത്തെ വനിതകൾ?

ഒരു ടെക്കി വനിതയുടെ ഒരു ദിവസം എങ്ങനെയിരിക്കുമെന്നും ഈ സമസ്യകൾക്കെന്താവും പരിഹാരമെന്നും പരിശോധിക്കുകയാണീവിടെ ടെക്‌നോപാര്ക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിലെ പ്രതിഭാസമ്പന്നരായ കലാകാരികളും കലാകാരന്മാരും ''എൻഡ് ഓഫ് ദി ഡേ ( EOD )' എന്ന സ്‌കിറ്റിലൂടെ...

ലോക വനിതാ ദിനത്തിൽ ടെക്‌നോപാർക്കും eWIT ( Empower Women in IT ) ഉം ചേർന്ന് സംഘടിപ്പിച്ച വനിതാ ദിന പരിപാടിയിൽ ആണ് സ്‌കിറ്റ് ആദ്യമായി അവതരിപ്പിച്ചത്. 15 മിനിറ്റ് ദൈർഘ്യം ഉള്ള സ്‌കിറ്റ് ജോഫിൻ വർഗീസ് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സ്‌കിറ്റ് അന്ന് കാണാനെത്തിയവരുടെ അഭിപ്രായപ്രകാരം, അവിടെ അവതരിപ്പിച്ചതു യൂടുബിൽ റിലീസ് ചെയ്തു കൂടുതൽ പേർക്ക് സ്‌കിറ്റ് കാണാൻ അവസരമൊരുക്കുകയാണ് പ്രതിധ്വനി.