റോം: എനർജി കമ്പനിയായ ഇനെൽ ഇറ്റലിയിൽ രണ്ടായിരം പേരെ നിയമിക്കുന്നു. 2016-നും 2019നും മധ്യേയായിരിക്കും പുതിയ നിയമനമെന്ന് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നു. ഇറ്റലിയിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇത്രയും പേരെ പുതുതായി നിയമിക്കുന്നത്.

അതേസമയം അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇനെൽ ലോകമെമ്പാടും 4500 പേരെ പുതുതായി നിയമിക്കുമെന്നും അധികൃതർ വെളിപ്പെടുത്തുന്നു. ഇറ്റലിയിൽ ആറായിരത്തോളം തൊഴിലാളികൾ  വിരമിക്കുന്നതിനെ തുടർന്നാണ് ഇത്രയേറെ അവസരങ്ങൾ പുതുതായി ഉണ്ടായതെന്ന് പറയപ്പെടുന്നു. ലോകമെമ്പാടുമുള്ള ഇനെൽ ജീവനക്കാരിൽ 9200 പേരാണ് സ്വയം  വിരമിക്കലിന് ഇപ്പോൾ തയാറാകുന്നത്. അതേസമയം 2019-ഓടു കൂടി കമ്പനിയുടെ ജീവനക്കാരിൽ 14 ശതമാനം പേരെ വെട്ടിച്ചുരുക്കുന്നതിന് കമ്പനി പ്രഖ്യാപിച്ചതാണ് സ്വയം വിരമിക്കൽ പദ്ധതി. ഇതുമൂലം കമ്പനിക്ക് 1.9 ബില്യൺ യൂറോ ലാഭിക്കാമെന്ന് കരുതുന്നത്.

അതേസമയം റിന്യൂവബിൽ എനർജി യൂണിറ്റായ ഇനെൽ ഗ്രീൻ പവറു(ഇജിപി)മായി കമ്പനി ലയിപ്പിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇജിപിയുടെ 30 ശതമാനം കമ്പനി വാങ്ങുകയാണെന്നും ഭാവിയിൽ ഇതിന്റെ വളർച്ചയിൽ ശ്രദ്ധിക്കാനാവും കമ്പനി ശ്രമിക്കുന്നതെന്നും സിഇഒ ഫ്രാൻസിസ്‌കോ സ്റ്റാറാസ് വ്യക്തമാക്കി.