- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റവും ഒടുവിൽ വീണത് പ്യൂവർ പ്ലാനെറ്റും കൊളറോഡോ എനർജിയും; ഇന്ധന പ്രതിസന്ധിയിൽ പൊളിഞ്ഞടങ്ങുന്നത് എനർജി കമ്പനികൾ; കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് സാധനങ്ങളും ഉടൻ തീരും
ലണ്ടൻ: കുതിച്ചുയരുന്ന ഇന്ധനവില താങ്ങാനാകാതെ രണ്ട് ഇന്ധന വിതരണ കമ്പനികൾ കൂടി ഇന്നലെ അടച്ചുപൂട്ടി. 100 ശതമാനം പുനരുപയോഗം ചെയ്യാവുന്ന ഇന്ധനം വിതരണം ചെയ്യുന്ന പ്യൂവർ പ്ലാനറ്റ്, കൊളറാഡോ എനർജി എന്നീ കമ്പനികളാണ് ഇന്നലെ അടച്ചുപൂട്ടിയത്. ഗ്യാസിന്റെ മൊത്തവില കുതിച്ചുയരുന്നതോടെ പല കമ്പനികൾക്കും വിപണിയിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സെപ്റ്റംബറിൽ 11 ഇന്ധന വിതരണ കമ്പനികളാണ് പ്രവർത്തനം നിർത്തിയത്.
ഇന്നലെ അടച്ചുപൂട്ടിയ പ്യൂവർ പ്ലാനറ്റിലും കൊളറാഡോ എനർജിയിലുംകൂടി 2,50,000 ഉപഭോക്താക്കളാണ് ഉള്ളത്. ഇനി ഇവരെ മറ്റൊരു വിതരണക്കാരനുമായി ഓഫ്ജെൻ ബന്ധപ്പെടുത്തും. മൊത്തവിൽപന വിപണിയിലെ വിലക്കയറ്റത്തിനു ഇരകളായി കമ്പനി അടച്ചു പൂട്ടുന്ന വിവരം പ്യൂവർ പ്ലാനറ്റിന്റെ സ്ഥാപകർ തന്നെയാണ് അറിയിച്ചത്. സർക്കാർ നടപ്പിലാക്കുന്ന പ്രൈസ് ക്യാപ്, കുതിച്ചുയരുന്ന വിലയിൽ നിന്നും ഉപഭോക്താക്കൾക്ക് ഒരു പരിധിവരെ സംരക്ഷണം ഉറപ്പാക്കുന്നുണ്ടെങ്കിലും വിതരണക്കാരെ സഹായിക്കുവാനുള്ള ഒരു നിർദ്ദേശവും ഇതുവരെ സർക്കാർ മുന്നോട്ടു വെച്ചിട്ടില്ല.
അതിനുപകരമായി വാങ്ങുന്ന വിലയ്ക്കും , നേരത്തേ നിശ്ചയിക്കപ്പെട്ട വിൽക്കുന്ന വിലയ്ക്കും ഇടയിലുള്ള വ്യത്യാസം സ്വയം പരിഹരിക്കുവാനാണ് സർക്കാർ ഇവരോട് ആവശ്യപ്പെടുന്നത്. ഇത് പരിഹരിക്കുവാൻ മിക്ക വിതരണക്കാർക്കും കഴിയുന്നില്ല. അതുകൊണ്ടു തന്നെയാണ് നിരവധി ഇന്ധന വിതരണക്കമ്പനികൾ അടച്ചുപോയത്. ഇനിയും ചില കമ്പനികൾ ഉടൻ അടച്ചുപൂട്ടിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം ബ്രിട്ടനിലെ തുറമുഖങ്ങളീലെ പ്രതിസന്ധിമൂലം കളിപ്പാട്ടങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ, മറ്റുദ്പന്നങ്ങൾ എന്നിവയുടെ ലഭ്യതയിൽ കുറവുണ്ടാകാൻ ഇടയുള്ളതിനാൽ ക്രിസ്ത്മസ് ഷോപ്പിങ് ഇപ്പൊഴേ അരംഭിക്കുവാൻ ഉപഭോക്താക്കളോട് ചില്ലറവില്പന മേഖലയിലുള്ളവർ ആവശ്യപ്പെട്ടു. തുറമുഖങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്ക് നീക്കം ചെയ്യുവാൻ ലോറി ഡ്രൈവർമാരുടേ ക്ഷാമം വിഘാതമാകുന്നു എന്നാണ് ഇവർ പറയുന്നത്. ഇത് ബ്രിട്ടന്റെ സമ്പദ്ഘടനയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഷിപ്പിങ് രംഗത്തെ പ്രമുഖ കമ്പനിയായ മാസ്‌ക് തങ്ങളുടെ പല കപ്പലുകളും ബ്രിട്ടനിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ ഫ്ളെക്സിടോവിൽ നിന്നും യൂറോപ്പിലെ അന്റ്വെർപ്, റോട്ടർഡാം തുറമുഖങ്ങളിലേക്ക് തിരിച്ചുവിട്ടു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇത് പിന്നീട് ചെറിയ കപ്പലുകളിൽ ബ്രിട്ടനിലെ ചെറു തുറമുഖങ്ങളിലേക്ക് അയയ്ക്കും. അതേസമയം, തങ്ങളുടെ പക്കൽ ഉള്ള ചരക്കുകൾ കൊണ്ട് സൂപ്പർമാർക്കറ്റുകൾ ഒഴിഞ്ഞ റാക്കുകൾ നിറയ്ക്കുവാനുള്ള ശ്രമത്തിലാണ്.
അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ക്രിസ്ത്മസ് ഉദ്പന്നങ്ങൾ എന്നിവയുടെ വിതരണത്തെ ലോറി ഡ്രൈവർമാരുടെ ക്ഷാമം കടുത്ത തോതിൽ തന്നെ ബാധിച്ചിരിക്കുന്നു. വിതരണ ശൃംഖല തകരുകയില്ലെന്ന് ഉറപ്പു നൽകുമ്പോഴും ഉപഭോക്താക്കൾ കൂടുതൽ കാര്യമായി ചിന്തിച്ച് മുൻകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യണമെന്ന നിർദ്ദേശമാണ് ഈ മേഖലയിലുള്ളവർ നൽകുന്നത്. ലോറി ഡ്രൈവർമാരുടെ ക്ഷാമത്തെ തുടർന്ന് ഫ്ളെക്സിടോവിൽ കണ്ടെയ്നറുകൾ കെട്ടിക്കിടക്കുന്നത് പ്രതിസന്ധിയുടെ രൂക്ഷത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
നിരവധി കണ്ടേയ്നറുകൾ നീക്കം ചെയ്യാതെ കിടക്കുന്നതിനാൽ പുതിയതായി എത്തുന്ന കപ്പലുകളിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുവാൻ കഴിയുന്നില്ല. പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ ചില്ലറവില്പനയിലെ പ്രതിനിധികൾ വിതരണക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നിരുന്നാൽ കൂടി പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കാനാവും എന്ന് പറയാനാവില്ല.
മറുനാടന് മലയാളി ബ്യൂറോ