ജിസിസി രാജ്യങ്ങളിൽ എനർജ് ഡ്രിങ്കുകൾ നിരോധിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെ ബഹ്‌റിനും നിരോധനത്തിന് തയ്യാറെടുക്കുന്നതായി സൂചന. ബഹ്‌റിനിലെ സ്‌കൂൾ കുട്ടികൾക്കിടയിൽ എനർജി ഡ്രിങ്കുകളുടെ ഉപയോഗം വളരെ കൂടുതലാണെന്ന് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നീലെയാണ് ഇവര നിരോധിക്കാൻ ചർച്ച നടക്കുന്നത്.

സ്‌കൂൾ കുട്ടികൾ ദിവസം രണ്ടു ബോട്ടിലെങ്കിലും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം എനർജി ഡ്രിങ്കുകളിൽ വളരെ കൂടിയ അളവിൽ കഫീനും, പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും, ഇത് പലപ്പോളും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും സ്ഥിരമല്ലാത്ത ഹൃദയസ്പന്ദനത്തിനും ഇടയാക്കാറുണ്ടെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ എനർജി ഡ്രിങ്കുകൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം കർശനമായ പ്രായപരിധി നിശ്ചയിക്കാൻ ഗവൺമെന്റ് ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

പല ബ്രാൻഡുകളിലും വ്യത്യസ്തമായ രുചികളിലും ലഭ്യമാകുന്ന ഇത്തരം എനർജി ഡ്രിങ്കുകളിൽ കഫീൻ, വിറ്റാമിനുകൾ, ടൗറിൻ, ഗിൻസെങ്ക്, ഗുവാരാന തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. എനർജി ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ കഫീൻ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.