ദുബായ്: എനർജി ഡ്രിങ്കുകൾ കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിക്കു കാരണമാക്കുന്നുവെന്നും അത് ശ്രദ്ധക്കുറവിലേക്കും നയിക്കുമെന്ന് റിപ്പോർട്ട്. എനർജി ഡ്രിങ്കുകളോട് കുട്ടികൾക്കുള്ള അഭിനിവേശം വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ മിക്ക കുട്ടികളും ഇപ്പോൾ ഹൈപ്പർ ആക്ടീവായിട്ടാണ് കാണപ്പെടുന്നത്.

യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അമിത മധുരമുള്ള ഇത്തരം എനർജി ഡ്രിങ്ക് കുടിക്കുന്ന മിഡ്ഡിൽ സ്‌കൂൾ കുട്ടികളിൽ 66 ശതമാനം പേരിലും ഹൈപ്പർ ആക്ടിവിറ്റി കണ്ടുവരുന്നുണ്ട്. കൂടാതെ ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇവർക്ക് സാധിക്കാതെ വരുന്നുണ്ട്. എനർജി ഡ്രിങ്കുകൾ കൂടാതെ മധുരപാനീയങ്ങളുടെ ഉപയോഗവും സ്‌കൂൾ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ മാതാപിതാക്കളാണ് കൂടുതൽ സംയമനം പാലിക്കേണ്ടതെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം മാതാപിതാക്കൾ നിയന്ത്രിച്ചാൽ തന്നെ കുട്ടികളേയും ഇതിൽ നിന്നും പിന്തിരിപ്പിക്കാമെന്ന് പറയപ്പെടുന്നു.

എനർജി ഡ്രിങ്കുകളുടെ ഉപയോഗം കുട്ടികളിൽ ദൂരവ്യാപകമായ വിപത്തുക്കളാണ് സൃഷ്ടിക്കുക. കുട്ടികളിൽ പ്രമേഹ രോഗത്തിനും ഹൃദയസംബന്ധിയായ രോഗങ്ങൾക്കും ഇത്തരം എനർജി ഡ്രിങ്കുകൾ വഴിതെളിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കഫീന്റെ അളവ് ക്രമാതീതമായി അടങ്ങിയിരിക്കുന്നതിനാൽ ബ്ലഡ് പ്രഷർ വർധിപ്പിക്കാൻ കാരണമാക്കും. കൂടാതെ കുട്ടികളിൽ ഉറക്കത്തിന്റെ ക്രമം തെറ്റാനും കാരണമാകുന്നു.

എനർജി ഡ്രിങ്കുകൾ കുടിക്കുന്നതും പഠനനിലവാരവും തമ്മിൽ ബന്ധമുണ്ടെന്നു തന്നെയാണ് ഗവേഷണം വ്യക്തമാക്കുന്നത്. അശ്രദ്ധ, ഹെപ്പർ ആക്ടിവിറ്റി എന്നിവ കൂടാതെ അമിത വണ്ണത്തിനും ഇവ കാരണമാക്കും. യുഎഇയിലുള്ള മൂന്ന് കുട്ടികളിൽ ഒരാൾ വീതം അമിതവണ്ണത്തിന് അടിമയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവ വളരെ ചെറുപ്പത്തിൽ തന്നെ ഇക്കൂട്ടർക്കു പിടിപെടുമെന്നാണ് പറയുന്നത്. ഇപ്പോഴത്തെ ജീവിത ശൈലിയും മോശം ഭക്ഷണ ക്രമവുമാണ് ഇവയ്ക്കു കാരണമായി പറയുന്നത്.