ഷാർജ: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ജോസ് ബട്ലറുടെ സെഞ്ചുറി മികിവിൽ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബട്ലറുടെ അപരാജിത സെഞ്ചുറി കരുത്തിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. 67 പന്തിൽ 101 റൺസുമായി ബട്ലർ പുറത്താകാതെ നിന്നു. ടി20 ക്രിക്കറ്റിൽ ബട്ലറുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയാണിത്. ചമീര എറിഞ്ഞ ഇന്നിങ്‌സിലെ അവസാന പന്ത് സിക്‌സിന് പറത്തിയാണ് ബട്ലർ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ സ്പിന്നർമാരിലൂടെ ലങ്ക വരിഞ്ഞു കെട്ടി. ഓപ്പണർ ജേസൺ റോയിയെ(9) തുടക്കത്തിലെ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങ് മെല്ലെയായി. ഹസരങ്കക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഡേവിഡ് മലനെ(6) ചമീരയും ബെയർ‌സ്റ്റോയെ(0) ഹസരങ്കയും വീഴ്‌ത്തിയതോടെ ഇംഗ്ലണ്ട് പവർപ്ലേയിൽ 35-3ലേക്ക് കൂപ്പുകുത്തി.

എന്നാൽ വിക്കറ്റുകൾ പൊഴിയുമ്പോഴും ഒരറ്റത്ത് തകർപ്പനടികളുമായി ക്രീസ് നിറഞ്ഞ ബട്ലർ ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. ക്യാപ്റ്റൻ ഓയിൻ മോർഗനും ബട്ലർക്ക് മികച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് കരകയറി.

45 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ബട്ലർ അടുത്ത 22 പന്തിൽ സെഞ്ചുറിയിലെത്തി. 36 പന്തിൽ 40 റൺസെടുത്ത മോർഗനുമൊത്ത് 112 റൺസിന്റെ കൂട്ടുകെട്ടിലും ബട്ലർ പങ്കാളിയായി. ശ്രീലങ്കക്കായി ഹസരങ്ക നാലോവറിൽ 21 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ചമീര 43 റൺസിന് ഒരു വിക്കറ്റെടുത്തു.