കൊൽക്കത്ത: കൗമാര ലോകകപ്പിൽ ഇംഗ്‌ളണ്ട് ചാമ്പ്യന്മാർ. ചരിത്രത്തിലാദ്യമായി ഇന്ത്യ അരങ്ങൊരുക്കിയ ഫിഫ ടൂർണമെന്റിലെ കലാശക്കളിയിൽ ഇംഗ്ലണ്ട് സ്പെയിനെ 5- 2ന് തോൽപ്പിച്ചു.

കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എഴുപതിനായിരത്തോളം വരുന്ന കാണികൾക്ക് മുന്നിലാണ് ഇംഗ്‌ളണ്ട് കപ്പുയർത്തിയത്.

രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് യൂത്ത്ടീമിന്റെ പടയോട്ടം. ഈ വർഷം നടന്ന യൂറോ അണ്ടർ 17ൽ ഷൂട്ടൗട്ടിലൂടെ തങ്ങളിൽ കിരീടം തട്ടിയെടുത്ത സ്പാനിഷുകാരോട് ഒരു മധുര പ്രതികാരം കൂടിയായി ഈ വിജയം.

മത്സരത്തിന്റെ ആദ്യ പകുതിവരെ സെർജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേൽ സ്പെയിൻ മേധാവിത്വം പുലർത്തി. 

പത്താം മിനിറ്റിൽ സെർജിയോ ഗോമസിലൂടെ സ്‌പെയിനാണ് കലാശക്കൊട്ടിലെ ആദ്യ ഗോൾ നേടിയത്. ക്യാപ്റ്റൻ ആബേൽ റൂയിസിൽനിന്ന് തുടങ്ങി യുവാൻ മിറാൻഡസെസാർ ഗിലാബർട്ടു വഴിയെത്തിയ നീക്കം സെർജിയോ ഗോമസ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. 31-ാം മിനിറ്റിൽ ഗോമസ് വീണ്ടും ലക്ഷ്യം കണ്ടു. സെസാർ ഗിലാബർട്ടു തന്നെയായിരുന്നു ഈ ഗോളിനും വഴിയൊരുക്കിയത്. ഇംഗ്ലണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് സ്‌പെയിൻ നടത്തിയ കൗണ്ടർ അറ്റാക്ക് ഗോമസ് വലയിലേക്കു തിരിച്ചുവിടുയായിരുന്നു.

ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സൂപ്പർതാരം ബ്രൂസ്റ്ററിലൂടെ ഇംഗ്ലണ്ട് തിരിച്ചടി ആരംഭിച്ചു. വലതുവിംഗിൽനിന്നു സ്റ്റീവൻ സെസെഗ്‌നൻ ഉയർത്തിവിട്ട ക്രോസ് ബ്രൂസ്റ്ററിന്റെ തകർപ്പൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. പക്ഷേ, ഇത് വരാനിരിക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നെന്ന് ഇംഗ്ലണ്ടിനു പിന്നിടു മനസിലായി.

തുടർന്നും സ്‌പെയിൻ ഗോൾ മുഖത്തേക്ക് ആക്രമണ തിരമാലകൾ ഉയർത്തിയ ഇംഗ്ലണ്ടിനായി 58-ാം മിനിറ്റിൽ ഗിബ്‌സ് വൈറ്റ് സമനില ഗോൾ കണ്ടെത്തി. 69-ാം മിനിറ്റിൽ ഫിൽ ഫോഡൻ ഇംഗ്ലണ്ടിനു ലീഡ് നൽകി. 84-ാം മിനിറ്റിൽ മാർക്ക് ഗുവേഹി ഇംഗ്ലണ്ടിന്റെ ലീഡ് നാലാക്കി ഉയർത്തി.

മത്സരത്തിന്റെ ആദ്യ പകുതിവരെ സെർജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേൽ സ്പെയിൻ മേധാവിത്വം പുലർത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂർണ്ണമെന്റിലെ ടോപ്സ്‌കോറർ റിയാൻ ബ്രൂസ്റ്റർ ഇംഗ്ലണ്ടിന് ഉണർവേകി ആദ്യ ഗോൾ നേടി. പിന്നീട് സ്പാനിഷ് പോസ്റ്റിൽ തോരാമഴയായിരുന്നു. ഫിൽ ഫോഡെന്റെ ഇരട്ട ഗോളടക്കം പിന്നീട് നാലു ഗോളുകൾ കൂടി നേടി ഇംഗ്ലണ്ട് സ്പാനിഷ്പടയെ തുരത്തിയോടിച്ചു

ടൂർണ്ണമെന്റിലെ ടോപ്സ്‌കോററായ ബ്രൂസ്റ്റർ സ്വർണ്ണബൂട്ടും നേടി. നീണ്ട കാലങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഒരു ഫിഫ കിരീടം നേടുന്നത്. ജൂനിയർ ലോകകപ്പ് ഇതാദ്യവും. ഒപ്പം കന്നികിരീടമെന്ന സ്പെയിന്റെ സ്വപ്നവും തകർത്തു.

ലൂസേഴ്‌സ് ഫൈനലിൽ ബ്രസീലിന് ജയം

അതേസമയം, അണ്ടർ 17 ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ മാലിക്കെതിരെ ബ്രസീലിന് ആശ്വാസ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. അലനും യൂറി അൽബേർട്ടോയുമാണ് ബ്രസീലിന്റെ സ്‌കോറർമാർ. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.