കൊച്ചി: എൻജിനീയറിങ് പ്രവേശന തട്ടിപ്പുകേസിന്റെ വ്യാപ്തി വളരെ വലുതാണെന്ന് വ്യക്തമാക്കുന്ന കൂടുതല് വിവരങ്ങൾ കൂടി പുറത്തുവന്നു. അന്യസംസ്ഥാനങ്ങളിൽ പ്രവേശനം വാഗ്ദാനം ചെയ്ത് ജയേഷും ഭാര്യ രാരിയും അടങ്ങുന്ന സംഘം വൻതുക തന്നെ സമ്പാദിച്ചിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചാനൽ സ്ലോറ്റ് വാടകയ്ക്ക് എടുത്ത് പരസ്യങ്ങളിലൂടെ വിദ്യാർത്ഥികളെ ആകർഷിച്ച് ഇവർ നടത്തിയ പണ തട്ടിപ്പ് 20 കോടിയും കവിയുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു.

കേസിലെ മുഖ്യപ്രതി ജയേഷ് ജെ. കുമാറിന്റെ സഹോദരി ഭർത്താവാണ് അറസ്റ്റിലായത്. ആദിത്യ ഇൻസ്റ്റിറ്റിയൂഷൻ ഡയറക്ടർ ബോർഡംഗം ആലപ്പുഴ വെളിപ്പറമ്പിൽ നന്ദകുമാരൻ നായരാണ് (38)പിടിയിലായത്. കൊട്ടാരക്കര ആയൂരിൽ അഭിഭാഷകന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ സൗത്ത് എസ്.ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഡയറക്ടർ ബോർഡംഗവും ജയേഷിന്റെ സഹോദരിയുമായ ജിഷ ഒളിവിലാണ്. ഇവരും അറസ്റ്റു ഭയന്നാണ് മുങ്ങിയിരിക്കുന്നത്. ജയേഷും നന്ദകുമാരൻ നായരും ചേർന്ന് നിരവധി വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ഇയാളും ഭാര്യ ജിഷയും ഒരു മാസം ഒരു ലക്ഷം രൂപ ശമ്പളമായി കൈപ്പറ്റിയിരുന്നു. സ്ഥാപനത്തിലെ പണം നന്ദകുമാരൻ നായർ വിനിയോഗിച്ചതിന്റെ ബാങ്ക് രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

എൻജിനീയറിങ് അഡ്‌മിഷന്റെ പേരിൽ കോടികളുടെ തട്ടിപ്പാണ് ഇവർ നടത്തിയതെന്ന വിവരം പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദ് അഡിസുമല്ലി കോളേജിൽ ജയേഷനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ തട്ടിപ്പിനിരയായ 47 വിദ്യാർത്ഥികളാണ് അന്വേഷണസംഘത്തിന് പരാതി നൽകിയത്. സൗത്ത് പൊലീസ് സ്‌റ്റേഷനിലെത്തി 50 വിദ്യാർത്ഥികളും ഇന്നലെ പരാതി സമർപ്പിച്ചു. ഇതോടെ പരാതിക്കാരുടെ എണ്ണം 297 ആയി. ഇവരിൽ നിന്ന് 20 കോടി രൂപ തട്ടിയെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ജയേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ജയേഷിനൊപ്പം അറസ്റ്റിലായ ഭാര്യ രാരിക്ക് കോടതിയിൽ ഹാജരാക്കിയ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെടും. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന കോടതി ഉത്തരവ് ഇവർ ലംഘിച്ചതിനെ തുടർന്നാണ് രാരിയുടെ ജാമ്യാപേക്ഷ തള്ളണമെന്ന ആവശ്യം പൊലീസ് ഉന്നയിക്കുന്നത്. ഇതോടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ഇന്നലെ രാരിയെ വിളിച്ചു വരുത്തിയ കോടതി ഇന്ന് രാവിലെ 10 ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചു. ജയേഷിനും രാരിക്കുമെതിരെ കൂടുതൽ പരാതി ലഭിച്ചതോടെ ഇവരെ ഇന്ന് വീണ്ടും അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്.

കേസിൽ ആരോപണ വിധേയകനായ ബിജെപി നേതാവ് സി.ജി. രാജഗോപാലിനോടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലീസ് ആവശ്യപെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം നോട്ടീസ് നൽകി. ജയേഷ് കരാറെടുത്ത ഹൈദരാബാദ് അസിഡുമല്ലി കോളേജിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും രാജഗോപാൽ പോയിരുന്നു.

എൻജിനീയറിങ് പ്രവേശനം വാഗ്ദാനം ചെയ്ത് 200ലധികം വിദ്യാർത്ഥികളെ കബളിപ്പിച്ച കേസിലാണ് റാന്നി കരിക്കുളം മുറിയിൽ മാളിയേക്കൽ ജയേഷിനെ അറസ്റ്റു ചെയ്തത്. സീറ്റ് അന്വേഷിച്ചെത്തുന്നവർക്ക് പ്രവേശനം ഉറപ്പുനൽകി സർട്ടിഫിക്കറ്റുകൾ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുൻകൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്‌മിഷൻ തേടിയെത്തിയവർ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ അഡിസുമല്ലി കോളേജിലാണ് ഇവർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവർ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം കണ്ടത്.