തിരുവനന്തപുരം: ട്രെയിനിന്റെ വാതിൽ പടിയിൽ ഇരിക്കാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിലേക്ക് വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. കടയ്ക്കാവൂരിലാണ് സംഭവം നടന്നത്. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ആനന്ദമഠത്തിൽ ഹരിദാസ് - രാജി ദമ്പതികളുടെ മകൻ ഹരികൃഷ്ണ ഹരിദാസാണ് (21) മരിച്ചത്.

ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഹരികൃഷ്ണ പഠിക്കുന്ന മാർത്താണ്ഡത്തെ എഞ്ചിനീയറിങ് കോളേജിലേക്ക് പോകവേയാണ് അപകടം മരണത്തിന്റെ രൂപത്തിൽ എത്തിയത്. മാർത്താണ്ഡത്തെ എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ഹരികൃഷ്ണ മാർത്താണ്ഡത്തേക്ക് ഗുരുവായൂർ എക്സ്‌പ്രസിൽ പോകാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

പുലർച്ചെയായതിനാൽ ട്രെയിനിൽ നല്ല തിരക്കായിരുന്നതായി യാത്രക്കാർ പറയുന്നു. ഇരിക്കാൻ സ്ഥലം കിട്ടാത്തതിനെത്തുടർന്ന് ട്രെയിനിന്റെ വാതിൽ പടിയിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ട്രെയിൻ ഹരികൃഷ്ണയുടെ ശരീരത്തിൽ കൂടി കയറിയിറങ്ങി. ഹരീഷ്, ഹണി, ഹരിശങ്കർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ചിറയിൻകീഴ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.