ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയോടേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. അവസാന രണ്ട് സെഷനും അതിജീവിക്കാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും എന്നാൽ അതിന് കഴിഞ്ഞില്ലെന്നും റൂട്ട് പറഞ്ഞു.

ലോർഡ്‌സിൽ ഐതിസാഹിസക ജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗിൽ നേടിയ 298 റൺസാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ഇംഗ്ലണ്ടിനെതിരെ 194-7 എന്ന നിലയിൽ തകർന്നശേഷമാണ് വാലറ്റക്കാരായ ഇഷാന്തിന്റെയും ഷമിയുടെയും ബുമ്രയുടെയും ബാറ്റിങ് കരുത്തിൽ ഇന്ത്യ 298-8ൽ എത്തിയത്. ഒമ്പതാം വിക്കറ്റിൽ മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര സഖ്യത്തിന്റെ 89 റൺസാണ് മത്സരത്തിന്റെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 120 റൺസിന് പുറത്തായി. 151 റൺസിനാണ് ഇംഗ്ലണ്ട് തോൽവി വഴങ്ങിയത്.

ഷമി- ബുമ്ര സഖ്യത്തെ നേരത്തെ പുറത്താക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇംഗ്ലണ്ടിന് ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇപ്പോൾ തോൽവിയെ കുറിച്ച് സംസാരിക്കുകയാണ് ജോ റൂട്ട്. ''ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ഭാഗത്ത് തെറ്റുകളുണ്ട്. ഇംഗ്ലണ്ടിന് ജയിക്കാമായിരുന്നുവെന്ന സാഹചര്യത്തിലാണ് തോൽക്കുന്നത്. അവർ നന്നായി കളിച്ചു. ഗ്രൗണ്ടിൽ പതിവായി സ്‌കോർ ചെയ്യാൻ കഴിയാത്ത ഭാഗത്തൂടെയെല്ലാം അവർ സ്‌കോർ ചെയ്തു. ഷമിക്കും ബുമ്രയ്ക്കുമെതിരെ ഫീൽഡൊരുക്കുക പ്രയാസമായിരുന്നു.

അടുത്ത മത്സരത്തിൽ ഇതിനേക്കാൾ നന്നായി കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തോൽവിയിൽ എല്ലാവർക്കും വേദനയുണ്ട്. കാരണം ഇത് ഇംഗ്ലണ്ടിന്റെ കയ്യിലുള്ള മത്സരമായിരുന്നു. പരമ്പര അവസാനിച്ചിട്ടില്ല. മൂന്ന് മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്്. ഇംഗ്ലണ്ടിന് തിരിച്ചുവരാനാകും.'' റൂട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിരയിൽ 33 റൺസ് നേടിയ ജോ റൂട്ട് മാത്രമാണ് പിടിച്ചുനിന്നത്. നാല് വിക്കറ്റ് നേടിയ മുഹമ്മ് സിറാജ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. ബുമ്ര മൂന്നും ഇശാന്ത് ശർമ രണ്ട് വിക്കറ്റും നേടി. ഷമിക്ക് ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

അതേ സമയം മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിച്ചതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്ന് മുൻ നായകൻ മൈക്കൽ വോൺ രംഗത്തെത്തി. വിജയപ്രതീക്ഷ ഉയർത്തിയശേഷം കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ടീമിനെ വിമർശിച്ചത്. രണ്ടാം ടെസ്റ്റിലെ ആവേശജയത്തോടെ ഉത്തേജിതരായ ഇന്ത്യൻ ടീമിനെ കീഴടക്കി ഇനി പരമ്പരയിൽ ഇംഗ്ലണ്ടിനൊരു തിരിച്ചുവരവുണ്ടാകില്ലെന്നും മൈക്കൽ വോൺ പറഞ്ഞു.

ഇംഗ്ലണ്ട് ഇന്ത്യയെ പ്രകോപിപ്പിച്ചു. അതോടെ അവർ അതിശക്തമായി തിരിച്ചടിച്ചു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് ഇനി പരമ്പരയിൽ തിരിച്ചുവരണമെങ്കിൽ അസാധ്യപ്രകടനം പുറത്തെടുക്കേണ്ടിവരും. ഈ ഇംഗ്ലണ്ട് ടീമിന് അതിന് കഴിയുമെന്ന് തോന്നുന്നില്ല. ഇനിയുള്ള മൂന്ന് ടെസ്റ്റുകളും ഇംഗ്ലണ്ടിന് കടുപ്പമായിരിക്കുമെന്നും വോൺ ബിബിസിയോട് പ്രതികരിച്ചു.

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വാലറ്റത്തിനെതിരെ ഇംഗ്ലീഷ് ബൗളർമാർ പന്തെറിഞ്ഞ രീതിയെയും വോൺ രൂക്ഷമായി വിമർശിച്ചു. വാലറ്റക്കാർ ക്രീസിൽ നിൽക്കുമ്പോൾ സ്റ്റംപിന് നേർക്ക് പന്തെറിയാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ബൗൺസറുകളും ഓഫ് സ്റ്റംപിന് പുറത്തുമല്ല. കാര്യങ്ങൾ ലളിതമായി കൈകാര്യം ചെയ്യണമായിരുന്നു.

ജസ്പ്രീത് ബുമ്ര ബാറ്റ് ചെയ്യുമ്പോൾ റിഷഭ് പന്തിന് ഉണ്ടായിരുന്നതിനേക്കാൾ ഫീൽഡർമാർ ബൗണ്ടറിയിലുണ്ടായിരുന്നു. 100 ടെസ്റ്റിൽ കൂടുതൽ കളിച്ച് പരിചയമുള്ള ജെയിംസ് ആൻഡേഴ്‌സണെയും ജോ റൂട്ടിനെയും പോലുള്ളവർ ടീമിലുള്ളപ്പോൾ ഇത് എങ്ങനെ സംഭവിച്ചു. ഇംഗ്ലണ്ടിന്റെ തന്ത്രം പൂർണമായും പിഴച്ചുപോയെന്നും വോൺ പറഞ്ഞു.