എഡ്ജ്ബാസ്റ്റൺ: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്നഎഡ്ജ്ബാസ്റ്റൺ ടെസ്റ്റിനുള്ള 11 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് ക്രെയ്ഗ് ഓവർടണെ ഒഴിവാക്കിയപ്പോൾ സീനിയർ പേസർ ജെയിംസ് ആൻഡേഴ്‌സൺ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയതാണ് ഏക മാറ്റം.

സ്റ്റുവർട്ട് ബ്രോഡും മാത്യൂ പോട്ടുമാണ് മറ്റ് രണ്ട് പേസർമാർ. സ്പിന്നറായി ജാക്ക് ലീച്ചും സ്ഥാനം നിലനിർത്തി. അലക്‌സ് ലീസും മോശം ഫോമിലുള്ള സാക്ക് ക്രോളിയുമാണ് ഓപ്പണർമാർ. ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർ‌സ്റ്റോ, ബെൻ സ്റ്റോക്‌സ്, സാം ബില്ലിങ്‌സ് എന്നിവരടങ്ങുന്നതാണ് ഇംഗ്ലീഷ് ബാറ്റിങ് നിര.

 

അടുത്ത മാസം 40 തികയുന്ന ആൻഡേഴ്‌സ്ണ് പരിക്കുമൂലം ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന അഞ്ച് മത്സര പരമ്പരിലെ പൂർത്തിയാക്കാതെ പോയ അവസാന ടെസ്റ്റാണ് നാളെ എഡ്ജ്ബാസ്റ്റണിൽ തുടങ്ങുന്നത്. വിരാട് കോലിക്ക് കീഴിൽ കഴിഞ്ഞ വർഷം കളിച്ച നാലു ടെസ്റ്റിൽ രണ്ടെണ്ണം ജയിച്ച് ഇന്ത്യ പരമ്പരയിൽ 2-1ന് മു്‌നിലാണ്.

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ സമനില പിടിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. കോവിഡ് ബാധിതനായ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നാളെ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ന് നടത്തുന്ന പരിശോധനകളിലും രോഹിത് കോവിഡ് നെഗറ്റീവായില്ലെങ്കിൽ നാളെ ഇന്ത്യയെ ജസ്പ്രീത് ബുമ്രയായിരിക്കും നയിക്കുക.