നോട്ടിങ്ഹാം: ട്രെന്റ്ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയ പ്രതീക്ഷ തെറ്റിച്ച് കനത്ത മഴ. ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റൺസ് കൂടി മതിയായിരുന്ന ഇന്ത്യക്ക്. എന്നാൽ കനത്ത മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ അവസാന ദിവസം പൂർണമായും ഉപേക്ഷിച്ചതോടെ മത്സരം സമനിലയിലായി.

209 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ ഒരു വിക്കറ്റിന് 52 റൺസ് എന്ന നിലയിൽ എത്തിയപ്പോഴാണ് മഴ വില്ലനായത്. അഞ്ചാം ദിനത്തിൽ മഴ തുടർന്നതോടെ ഇന്ത്യയ്ക്ക് ബാറ്റിങ് തുടരാനായില്ല. 26 റൺസെടുത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കളി അവസാനിപ്പിക്കുമ്പോൾ ക്രീസിൽ രോഹിത് ശർമയും ചേതേശ്വർ പൂജാരയുമായിരുന്നു. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതൽ ലോർഡ്സിൽ നടക്കും. ആകെ അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

അവസാന ദിവസം ആദ്യ രണ്ട് സെഷനിലും കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാനായിരുന്നില്ല. ഇടക്ക് തോർന്ന മഴ പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും മഴ എത്തിയതോടെ അവസാന ദിവസത്തെ കളി പൂർണമായും ഉപേകഷിക്കുകയായിരുന്നു.കാലവസ്ഥാ വകുപ്പ് നോട്ടിങ്ഹാമിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവ്വിച്ചിരുന്നതിനാൽ മത്സരം നടക്കാനുള്ള സാധ്യതയും വിരളയാമിരുന്നു.

ഒന്നാം ഇന്നിങ്‌സിൽ 95 റൺസ് ലീഡ് നേടിയ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്‌സിൽ ജോ റൂട്ടിന്റെ സെഞ്ചുറി കരുത്തിൽ ഇംഗ്ലണ്ട് 303 റൺസടിച്ചിരുന്നു. റൂട്ട് ഒഴികെ മറ്റാർക്കും ഇംഗ്ലണ്ട് നിരയിൽ തിളങ്ങാനായില്ലെങ്കിലും. റൂട്ടിന്റെ ചെറുത്തുനിൽപ്പ് ഇംഗ്ലണ്ടിന് അപ്രതീക്ഷിത സമനില സമ്മാനിച്ചു.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്തു. ഇതോടെ രണ്ടിന്നിങ്‌സിലുമായി ബുംറയുടെ പേരിൽ ഒമ്പത് വിക്കറ്റായി. മുഹമ്മദ് സിറാജും ശർദ്ദുൽ താക്കൂറും രണ്ടു വീതം വിക്കറ്റ് വീഴ്‌ത്തി. ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കാണ്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 183 റൺസിനെതിരേ ഇന്ത്യ 278 റൺസ് അടിച്ചിരുന്നു. കെഎൽ രാഹുലിന്റേയും രവീന്ദ്ര ജഡേജയുടേയും ചെറുത്തുനിൽപ്പാണ് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. രാഹുൽ 214 പന്തിൽ 12 ഫോറിന്റെ സഹായത്തോടെ 84 റൺസെടുത്തപ്പോൾ ജഡേജ 86 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 56 റൺസ് നേടി. ഇംഗ്ലണ്ടിനായി പേസ് ബൗളർ ഒലി റോബിൻസൺ 26.5 ഓവറിൽ 85 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തി. റോബിൻസൺന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 12 മുതൽ ലോർഡ്‌സിൽ ആരംഭിക്കും.